തിരുവനന്തപുരം:
എംസി ജോസഫൈന്റെ രാജിയോടെ പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയെ കണ്ടെത്താനുള്ള ചർച്ചകളിലേക്ക് സിപിഐഎം കടക്കുന്നു. കേന്ദ്രക മ്മിറ്റിയംഗമായ പികെശ്രീമതിയും മുൻമന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും അടക്കമുള്ള വനിതാ നേതാക്കളുടെ പേരുകളാണ് പരിഗണിക്കുന്നത്. മുൻപ് ജസ്റ്റിസ് ഡിശ്രീദേവിയെ നിയോഗിച്ചതുപോലെ നിയമപരിജ്ഞാനവും പൊതുസമൂഹത്തിൽ അംഗീകാരവുമുള്ളവരെ കണ്ടെത്താനും ശ്രമമുണ്ട്.
വനിതാ കമ്മീഷൻ രൂപീകരിച്ചപ്പോൾ കവയത്രി സുഗതകുമാരിയായിരുന്നു ആദ്യ അധ്യക്ഷ. ജസ്റ്റിസ് ഡിശ്രീദേവി രണ്ടുവട്ടം കമ്മീഷന്റെ അധ്യക്ഷയായി. കോൺഗ്രസ് നേതാക്കളായ എംകമലവും കെസിറോസക്കുട്ടിയും ഇതേചുമതല വഹിച്ചിട്ടുണ്ട്.
ആദ്യ പിണറായി സർക്കാർ സിപിഐഎം കേന്ദ്രകമ്മിറ്റിയംഗമായ എംസിജോസഫൈനെയാണ് വനിതാ കമ്മീഷൻ അധ്യക്ഷയാക്കിയത്. വിവാദപ്രസ്താവനകളുടെ പേരിൽ അവർ രാജിവെച്ചതോടെ പുതിയ അധ്യക്ഷയെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് പാർട്ടി.
മറ്റൊരു കേന്ദ്രകമ്മിറ്റിയംഗവും മുൻമന്ത്രിയുമായ പികെശ്രീമതിയുടെ പേരിനാണ് പരിഗണിക്കുന്നവരിൽ മുൻതൂക്കം. സംസ്ഥാന സമിതിയംഗങ്ങളായ ജെ മേഴ്‌സിക്കുട്ടിയമ്മ, ടിഎൻ സീമ, സിഎസ്സ് സുജാത, സൂസൻ കോടി തുടങ്ങിയവരുടെ പേരുകളും സജീവം. നിലവിലെ കമ്മീഷനംഗം ഷാഹിദാ കമാലിനെ അധ്യക്ഷയാക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
മുഴുവൻ സമയ രാഷ്ട്രീയക്കാരെ മാറ്റി നിർത്തി തീരുമാനമെടുക്കാനുളള സാധ്യതയും തള്ളിക്കളയാനാവില്ല. നിയമപരിജ്ഞാനമുള്ളവരിലും പൊതുപ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്നവരിലുമാണ് അന്വേഷണം നടക്കുന്നത്.
അടുത്ത വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റായിരിക്കും തീരുമാനം കൈക്കൊള്ളുക. അതിനുമുൻപ് വിവിധ തലത്തിലുള്ള കൂടിയാലോചനകളിലൂടെ പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന നേതൃത്വം തയാറാക്കും.