Mon. Dec 23rd, 2024

യൂറോകപ്പില്‍ ഇന്ന് നടക്കുന്ന രണ്ടാമത്തെ പ്രീ ക്വാര്‍ട്ടറിൽ ഇറ്റലി ഓസ്ട്രിയയെ നേരിടും. ഗ്രൂപ്പില്‍ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇറ്റലി പ്രീ ക്വാര്‍ട്ടറില്‍ എത്തുന്നത്. ഡിഫന്‍ഡര്‍മാരായ കിയലിനിയു, ഫ്ലോറന്‍സിയും ഇന്ന് ഇറ്റലിക്കൊപ്പം ഉണ്ടാകില്ല. മധ്യനിരയില്‍ വെറാട്ടിയെ ഇറക്കണോ മാനുവല്‍ ലോക്കറ്റെല്ലി ഇറക്കണോ എന്നത് പരിശീലകന്‍ മാഞ്ചിനിക്ക് വ്യക്തമായ തീരുമാനമുണ്ടാകും.

പരിചയ സമ്പത്തുള്ള വെറാട്ടിക്കാകും ആദ്യ ഇലവനില്‍ മുന്‍ഗണന ലഭിക്കാന്‍ സാധ്യത. പ്രതിരോധ നിരയില്‍ ഇമ്മോബിലെ ഇന്‍സിനെയും ഗംഭീര ഫോമിലാണ്.

ആദ്യമായി പ്രീ ക്വാര്‍ട്ടറില്‍ എത്തിയ ഓസ്ട്രിയക്ക് ഒരു അട്ടിമറി സാധ്യമാകുമെന്ന വിലയിരുത്തലുകളും ഫുട്ബോള്‍ ലോകത്ത് സജീവമാണ്. എങ്കിലും ക്യാപ്റ്റന്‍ അലാബയുടെ കീഴില്‍ ഇറങ്ങുന്ന ടീം ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ചരിത്രത്തില്‍ ഇതുവരെ ഓസ്ട്രിയ ഇറ്റലിയെ പരാജയപ്പെടുത്തിയിട്ടില്ല.

അതേസമയം, തുര്‍ക്കിയെയും സ്വിസ് പടയെയും എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ച ഇറ്റലി അവസാന മത്സരത്തില്‍ വെയില്‍സിനെ എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തിയിരുന്നു. ഒരു ഗോള്‍ പോലും ഇറ്റലി ഗ്രൂപ്പ് ഘട്ടത്തില്‍ വഴങ്ങിയിട്ടില്ല. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുന്നത്.

By Divya