Fri. Nov 22nd, 2024
മിനപൊളിസ്:

കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന് 22 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഔദ്യോഗികപദവിയുടെ അധികാരവും വിശ്വാസ്യതയും ദുരുപയോഗം ചെയ്തതിനും ജോര്‍ജ് ഫ്‌ളോയ്ഡിനോട് ചെയ്ത ക്രൂരതയ്ക്കുമാണ് ഇത്രയും വര്‍ഷത്തെ തടവുശിക്ഷ വിധിക്കുന്നതെന്ന് കോടതി അറിയിച്ചു.

സഹതാപത്തിന്റെയോ വികാരങ്ങളുടെയോ അടിസ്ഥാനത്തിലല്ല നിയമത്തില്‍ മാത്രം ഊന്നിക്കൊണ്ടാണ് ഈ വിധി നടത്തുന്നതെന്നും ജഡ്ജ് പീറ്റര്‍ കാഹില്‍ പറഞ്ഞു. വിചാരണക്കിടെ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ കുടുംബത്തോട് അനുശോചനമറിയിച്ച ഡെറക് മാപ്പ് പറയാന്‍ തയ്യാറായില്ല. നിയമത്തിന്റെ ചില കടമ്പകള്‍ നിലനില്‍ക്കുന്നതിനാല്‍ തനിക്ക് പ്രസ്താവന മുഴുവന്‍ നല്‍കാനായില്ലെന്നും ഡെറക് പറഞ്ഞു.

സമീപകാലത്ത് വംശീയതക്കെതിരെ അമേരിക്കയും ലോകവും കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച സംഭവമായിരുന്നു ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണം. അമേരിക്കന്‍ നഗരമായ മിനപോളിസില്‍ വെച്ച് 2020 മെയ് 25നാണ് ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ടത്. വ്യാജ കറന്‍സി കൈയ്യില്‍ വെച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഫ്‌ളോയിഡിനെ വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന്‍ കാല്‍മുട്ടുകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

ഫ്‌ളോയിഡിന്റെ കൊലപാതകത്തെത്തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ക്കാണ് അമേരിക്ക സാക്ഷിയായത്. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രതിഷേധം അമേരിക്കയിലെ വിവിധ നഗരങ്ങളിലേക്കും ലോകം മുഴുവനും പടര്‍ന്നുപിടിച്ചു. പ്രതിഷേധം ശക്തമായതോടെ ഡെറക് ചൗവിനെയും മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു.

ടൗ താവോ, ജെ അലക്സാണ്ടര്‍ കുവെങ്, തോമസ് കെ ലെയ്ന്‍ എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റ് പ്രതികള്‍. ഇവര്‍ മൂന്ന് പേരും ചേര്‍ന്നാണ് ഫ്‌ളോയിഡിനെ അറസ്റ്റ് ചെയ്തത്. മെയ് മാസത്തില്‍ കോടതി ചൗവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മനപൂര്‍വ്വമല്ലാത്ത കൊലപാതകം എന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നത്. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രതിഷേധത്തോട് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച അടിച്ചമര്‍ത്തല്‍ നടപടി തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായിരുന്നു.

By Divya