Thu. Dec 19th, 2024
കല്‍പ്പറ്റ:

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരിയില്‍ ഉയര്‍ന്ന കോഴ വിവാദത്തില്‍ വയനാട് ബിജെപിയില്‍ പൊട്ടിത്തെറിയും കൂട്ടരാജിയും. യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെ വയനാട് ബിജെപിയില്‍ നടപടി സ്വീകരിച്ചതിന് പിന്നാലെ നിരവധി ഭാരവാഹികള്‍ രാജിവെച്ചു.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിനെയും ബത്തേരി മണ്ഡലം പ്രസിഡന്റിനെയും സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെയാണ് യുവമോര്‍ച്ചയുടെ നഗരസഭാ കമ്മിറ്റി ഭാരവാഹികള്‍ രാജിവെച്ചത്. വയനാട് യുവമോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റ് ദീപു പുത്തന്‍പുരയിലിനെ ജില്ലാ കമ്മിറ്റിയും മണ്ഡലം പ്രസിഡന്റ് ലിലില്‍ കുമാറിനെ ബത്തേരി മണ്ഡലം കമ്മിറ്റിയുമാണ് സ്ഥാനത്ത് നിന്നും മാറ്റിയത്.

കോഴ വിവാദത്തില്‍ സംസ്ഥാനത്തെ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതാണ് നടപടിക്ക് കാരണമായതെന്നാണ് കരുതുന്നത്.

ഇതിന് പിന്നാലെ യുവമോര്‍ച്ച ഭാരവാഹിത്വത്തിലുള്ള 13 പേരാണ് രാജിവെച്ചത്. പാര്‍ട്ടിയുടെ ഏകപക്ഷീയമായ നിലപാടിനെ എതിര്‍ത്തു കൊണ്ടാണ് രാജിയെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നു.

സി കെ ജാനുവിന് വേണ്ടിയും വയനാട്ടിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും വോട്ട് അഭ്യര്‍ത്ഥിച്ച് അമിത് ഷാ വയനാട്ടില്‍ നടത്തിയ റാലിയെ ദീപു ഉള്‍പ്പെടെയുള്ള യുവമോര്‍ച്ച നേതാക്കള്‍ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷ് കഴിഞ്ഞ ദിവസം ജില്ലയിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയും രാജിയും.

By Divya