Mon. Sep 23rd, 2024
കോഴിക്കോട്:

മുസ്‌ലീം ലീഗില്‍ സമഗ്ര അഴിച്ചുപണിയ്ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് യൂത്ത് ലീഗ്. ഒരാള്‍ക്ക് ഒരു പദവിയേ പാടുള്ളു എന്നും ലോക്‌സഭയിലും നിയമസഭയിലും മത്സരിക്കാന്‍ ടേം നിര്‍ബന്ധമാക്കണമെന്നതടക്കമുള്ളതാണ് നിര്‍ദ്ദേശങ്ങള്‍.

അടുത്ത മാസം മലപ്പുറത്ത് ചേരുന്ന മുസ്‌ലീം ലീഗ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ യൂത്ത് ലീഗ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. തിരഞ്ഞെടുപ്പ് തോല്‍വി ലീഗ് നേതൃത്വം ചര്‍ച്ച ചെയ്യാത്തതില്‍ കോഴിക്കോട് ചേര്‍ന്ന യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണിക്ക് നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്.

മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരെയും ഊര്‍ജ്ജസ്വലരായവരെയും മാത്രമേ നേതൃത്വത്തില്‍ നിയമിക്കാവൂ എന്നും മുതിര്‍ന്ന അംഗങ്ങളെ ഒഴിവാക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനം ആവശ്യമില്ലാത്ത സ്ഥാനങ്ങളില്‍ നിയോഗിക്കുക, ജനപ്രതിനിധികള്‍ തന്നെ പാര്‍ട്ടി ഭാരവാഹിത്വവും നിര്‍വഹിക്കുന്നത് ഒഴിവാക്കി ഒരാള്‍ക്ക് ഒരു പദവി എന്നത് നിര്‍ബന്ധമാക്കുക എന്നിവയാണ് നിര്‍ദേശങ്ങള്‍.

നിയമസഭയില്‍ തുടര്‍ച്ചയായി മൂന്ന് തവണയില്‍ കൂടുതല്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഗൗരവമായി വിലയിരുത്തേണ്ടതുണ്ടെന്നും ലീഗ് നിലവില്‍ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധി രൂക്ഷമാണെന്നും യൂത്ത് ലീഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ് പരാജയം വ്യക്തികളില്‍ ഒതുക്കുന്നതില്‍ കാര്യമില്ലെന്നും യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു. പി കെ കുഞ്ഞാലിക്കുട്ടി എന്ന വ്യക്തിയില്‍ പ്രശ്നങ്ങള്‍ ലഘൂകരിച്ചാല്‍ മറ്റു പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ പോകും. ഇബ്രാഹിംകുഞ്ഞ്, എംസി ഖമറുദ്ദീന്‍, കെ എം ഷാജി എന്നിവര്‍ക്കെതിരെയെല്ലാം അഴിമതി ആരോപണങ്ങളുണ്ട്. വ്യക്തികളുടെ പ്രശ്നം വ്യക്തികളുടെ പ്രശ്നമായി തന്നെ കണ്ടു മുന്നോട്ട് പോകണമെന്നാണ് യൂത്ത് ലീഗ് അഭിപ്രായപ്പെട്ടത്.

പാര്‍ലമെന്റ് അംഗത്വം രാജിവെച്ച് കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിച്ചതിനെയം യൂത്ത് ലീഗ് രൂക്ഷമായി വിമര്‍ശിച്ചു. നിലവിലെ സംഘടനാ സംവിധാനം ദുര്‍ബലമാണ്. മാതൃസംഘടനകളുടെ ശോഷണം പോഷക സംഘടനകളെയും ബാധിക്കും. ഗൗരവമായ രാഷ്ട്രീയ യോഗങ്ങള്‍ നടക്കുന്നില്ല.

പല നിര്‍ണായക വിഷയങ്ങളിലും പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കപ്പെടുന്നില്ല. വ്യക്തികളാണ് പലപ്പോഴും നിലപാട് പറയുന്നത്. ഇത് ഭൂഷണമല്ല. 80:20 ആനുപാത വിഷയത്തിലും മുസ്ലീം ലീഗിന് നിലപാട് എടുക്കാന്‍ പാര്‍ട്ടിക്കായില്ലെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.

നിയമസഭാംഗങ്ങളെ ഓഡിറ്റിന് വിധേയമാക്കണം. ഏതെങ്കിലും മത സംഘടനകളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് പാര്‍ട്ടി വഴങ്ങരുത്. യുവാക്കള്‍ക്ക് ഔദാര്യം പോലെ സ്ഥാനം നല്‍കുന്ന രീതി ഒഴിവാക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് പരാജയത്തിനെതിരെ മുസ്ലീം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫും രംഗത്തെത്തിയിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എയേയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുള്‍പ്പെടെയുള്ള നേതാക്കളെ വിമര്‍ശിച്ചായിരുന്നു എംഎസ്എഫ് രംഗത്തെത്തിയത്. ഇതോടെയാണ് പാര്‍ട്ടിക്കുള്ളിലെ ഭിന്നത പുറത്തായത്.

By Divya