Mon. Dec 23rd, 2024
ന്യൂഡൽഹി:

കേന്ദ്ര ഐ ടി മന്ത്രി രവിശങ്കർ പ്രസാദിന്‍റെ അക്കൗണ്ടിന്​ പൂട്ടിട്ട്​ ട്വിറ്റർ. മന്ത്രിക്ക്​ ഒരു മണിക്കൂറോളം ട്വിറ്റർ അക്കൗണ്ട്​ ഉപയോഗിക്കാനായില്ല. യു എസ്​ പകർപ്പവകാശം ലംഘിച്ചുവെന്ന ചൂണ്ടിക്കാട്ടിയാണ്​ ട്വിറ്റർ മന്ത്രിയുടെ അക്കൗണ്ട്​ മരവിപ്പിച്ചത്​​. കേന്ദ്രസർക്കാറും ട്വിറ്ററും തമ്മിലുള്ള പോര്​ കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ്​ നടപടി.

രവിശങ്കർ പ്രസാദ്​ തന്നെയാണ്​ ട്വിറ്റർ അക്കൗണ്ട്​ ബ്ലോക്ക്​ ചെയ്​ത വിവരം ഔദ്യോഗികമായി അറിയിച്ചത്​. ട്വിറ്ററിലേക്ക്​ ലോഗ്​ ഇൻ ചെയ്യാൻ ശ്രമിച്ചപ്പോൾ ലഭിച്ച സന്ദേശവും മന്ത്രി പങ്കുവെച്ചിട്ടുണ്ട്​. എന്നാൽ, മന്ത്രിക്കുള്ള വിലക്ക്​ പിന്നീട്​ ട്വിറ്റർ നീക്കുകയായിരുന്നു. അതേസമയം, ട്വിറ്റർ ഇതുസംബന്ധിച്ച്​ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ട്വിറ്റർ ഇന്ത്യയുടെ മേധാവിക്കെതിരെ കഴിഞ്ഞ ദിവസം യു പി പൊലീസ്​ കേസെടുത്തിരുന്നു. അദ്ദേഹത്തോടെ ചോദ്യം ചെയ്യലിന്​ ഹാജരാവാൻ ആവശ്യപ്പെടുകയും ചെയ്​തിരുന്നു. നേരിട്ട്​ ചോദ്യം ചെയ്യലിന്​ ഹാജരായില്ലെങ്കിൽ അറസ്റ്റ്​ ചെയ്യുമെന്നും ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, കർണാടക ഹൈകോടതി അദ്ദേഹത്തിനെതിരായ യു പി പൊലീസ്​ നടപടികൾ തടഞ്ഞു.

By Divya