Fri. Mar 29th, 2024
തിരുവനന്തപുരം:

വനിതാ കമ്മീഷൻ അധ്യക്ഷ പദവിയിൽ നിന്ന് രാജി ആവശ്യപ്പെട്ട് വാങ്ങിയെങ്കിലും എം സി ജോസഫൈനെതിരെ അച്ചടക്ക നടപടി ഉണ്ടാവില്ല. ജോസഫൈന്റെ രാജിയോടെ വിവാദം അവസാനിപ്പിക്കാനാണ് സിപിഎം തീരുമാനം. സ്ത്രീധനത്തിന് എതിരെയും കുടുംബങ്ങളിലെ സ്ത്രീ തുല്യതയ്ക്കും വേണ്ടിയും വലിയ പ്രചാരണവും പാർട്ടി മുൻകയ്യെടുത്ത് സംഘടിപ്പിക്കും. പ്രചാരണത്തെ ഈ പ്രസ്താവന ബാധിക്കും എന്ന് വിലയിരുത്തിയാണ് രാജി ആവശ്യപ്പെട്ടത് .

അതേ സമയം സ്വകാര്യ ചാനലിന്‍റെ തത്സമയ പരിപാടിക്കിടെ പരാതി ബോധിപ്പിക്കാൻ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ പാര്‍ട്ടി വേദിയിൽ ഉണ്ടായത് രൂക്ഷ വിമര്‍ശനമാണ്. വിവാദവുമായി ബന്ധപ്പെട്ട് എംസി ജോസഫൈൻ നൽകിയ വിശദീകരണങ്ങളൊന്നും സിപിഎം മുഖവിലക്ക് എടുത്തില്ല. രാജി ചോദിച്ച് വാങ്ങാനായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്‍റെ തീരുമാനം.

വനിതാ കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ എംസി ജോസഫൈൻ നടത്തിയ പരാമര്‍ശം  പാർട്ടിക്കും സർക്കാരിനും അവമതിപ്പ് ഉണ്ടാക്കി എന്ന് നേതാക്കൾ സെക്രട്ടേറിയറ്റ് യോഗത്തിൽ നിലപാടെടുത്തു. സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും സമൂഹം വലിയ തോതിൽ ചര്‍ച്ച ചെയ്യുകയും സര്‍ക്കാർ സംവിധാനം ആകെ അനുകമ്പാ പൂര്‍വ്വം ഇടപെടുകയും ചെയ്ത് വരുന്നതിനിടെയാണ് സിപിഎമ്മിനേയും സര്‍ക്കാരിനെയും ആകെ പ്രതിരോധത്തിലാക്കി  വനിതാ കമ്മീഷൻ അധ്യക്ഷ വിവാദം ഉണ്ടാക്കിയത്. ഇതിൽ ന്യായീകരണമില്ലെന്ന് കണ്ടെത്തിയാണ് രാജി ചോദിച്ച് വാങ്ങാനുള്ള തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കൈക്കൊണ്ടതും.

By Divya