Fri. Nov 22nd, 2024
കാല്‍ഗറി:

കാനഡയിലെ മറ്റൊരു മുന്‍ റസിഡന്‍സ് സ്‌കൂളിന് സമീപത്ത് രേഖപ്പെടുത്താത്ത നൂറുകണക്കിന് ശവക്കല്ലറകള്‍ കണ്ടെത്തി. സസ്‌കാച്ച്‌വനിലെ മുന്‍ മരീവല്‍ ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രദേശത്താണ് 751 ശവക്കല്ലറകള്‍ കണ്ടെത്തിയത്.

ഈ കല്ലറകളിലുള്ളവരില്‍ കൂടുതലും പ്രദേശത്തെ കാണാതായ ഗോത്രവര്‍ഗത്തില്‍പ്പെട്ട കുട്ടികളാണെന്നാണ് സസ്‌കാച്ച്‌വനിലെ ഗോത്രവര്‍ഗം പറയുന്നത്.

പതിറ്റാണ്ടുകളായി ഗോത്രവര്‍ഗത്തില്‍പ്പെട്ട കുട്ടികളെ അവരുടെ കുടുംബങ്ങളില്‍ നിന്നും, പലപ്പോഴും നിര്‍ബന്ധിതമായി കൊണ്ടു പോകുകയും പള്ളികള്‍ നടത്തുന്ന ബോര്‍ഡിംഗ് സ്‌കൂളുകളിലും മറ്റും പാര്‍പ്പിക്കുകയും ചെയ്തിരുന്നു. പലവിധ ചൂഷണങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന ഇവരെ തദ്ദേശീയമായ ഭാഷ സംസാരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.

ഇങ്ങനെ കാണാതായ കുട്ടികളെ അടക്കം ചെയ്ത സ്ഥലമാണ് കണ്ടെത്തിയതെന്നാണ് കനേഡിയന്‍ ഗോത്രവര്‍ഗ ഗ്രൂപ്പായ ഫസ്റ്റ് നേഷന്‍ പറയുന്നത്. ജൂണ്‍ ഒന്നുമുതലാണ് ഈ പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചത്. നൂറുകണക്കിന് ശവക്കല്ലറകളുടെ കല്ലുകളും മറ്റും മനപൂര്‍വ്വം എടുത്തു മാറ്റിയിട്ടുണ്ടെന്നാണ് ഫസ്റ്റ് നേഷന്‍ നേതാവ് പറഞ്ഞത്.

ചരിത്രത്തിലെ ഇത്തരം വംശീയതയുടെ അടയാളങ്ങളെ കണ്ടെത്തുന്നതിനായി എല്ലാ പിന്തുണയും നല്‍കുമെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചത്.

By Divya