Thu. Apr 18th, 2024
ഭോപാൽ:

മധ്യപ്രദേശിൽ കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച്​ രണ്ടുപേർ മരിച്ചു. പുതുതായി ഏഴുപേർക്ക്​ രോഗബാധ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. മരിച്ചവർ കൊവിഡ് വാക്​സിൻ സ്വീകരിച്ചിരുന്നില്ലെന്ന്​ ഡോക്​ടർമാർ വ്യക്തമാക്കി.

കൊവിഡ് വാക്സിന്റെ ഒരുഡോസോ അല്ലെങ്കിൽ രണ്ട്​ ഡോസോ സ്വീകരിച്ച മൂന്ന്​ ഡെൽറ്റ പ്ലസ്​ ബാധിതർ ഒന്നുകിൽ രോഗമുക്തരാവുകയോ അല്ലെങ്കിൽ ശാരീരിക ബുദ്ധിമുട്ടുകളില്ലാതെ വീടുകളിൽ ചികിത്സയിൽ കഴിയുകയോ ചെയ്യുകയാണ്​. ഏഴുപേർക്കും കഴിഞ്ഞ മാസമാണ്​ കൊവിഡ് ബാധിച്ചത്​. ഈ മാസം ഇവരുടെ സാംപിളുകൾ എൻസിഡിസിയിൽ വെച്ച്​ ജീനോം സീക്വൻസിങ്​ നടത്തിയതിലൂടെയാണ്​ ഡെൽറ്റപ്ലസ്​ വകഭേദം ബാധിച്ചതായി സ്​ഥിരീകരിച്ചത്​.

വാക്​സിനെടുക്കാത്ത 22 കാരിയും രണ്ടു വയസുള്ള കുഞ്ഞും ​വൈറസി​നെ പ്രതിരോധിച്ചതായും ഡോക്​ടർമാർ പറഞ്ഞു. തലസ്​ഥാനമായ ഭോപാലിൽ നിന്നാണ്​ ​മൂന്ന്​ രോഗികൾ. ഉജ്ജയിനിൽ നിന്നുള്ള രണ്ട്​ പേർക്കും റായ്​സെൻ അശോക്​നഗർ ജില്ലകളിൽ നിന്നും ഓരോരുത്തർക്കും ഡെൽറ്റ പ്ലസ്​ വകഭേദം സ്​ഥിരീകരിച്ചു.

മധ്യപ്രദേശിനെ കൂടാതെ കേരളം, മഹാരാഷ്​ട്ര, ജമ്മു കശ്​മീർ എന്നിവിടങ്ങളിലും ഡെൽറ്റ പ്ലസ്​ വകഭേദം റിപ്പോർട്ട്​ ചെയ്യപ്പെട്ടിരുന്നു. ഡെൽറ്റ പ്ലസ്​ വകഭേദത്തെ കുറിച്ച്​ കൂടുതൽ വിവരങ്ങൾ ലഭ്യമായില്ലെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്​ഥാനങ്ങൾക്ക്​ കടുത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്​. യു എസ്​, യു കെ, പോർച്ചുഗൽ, സ്വിറ്റ്​സർലൻഡ്​, ജപ്പാൻ, പോളണ്ട്​, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ്​ ഡെൽറ്റ പ്ലസ്​ റിപ്പോർട്ട്​ ചെയ്​തത്​.

By Divya