Mon. Dec 23rd, 2024

കോപ്പ അമേരിക്കയിൽ ഉറുഗ്വെയ്ക്കും പരാഗ്വെയ്ക്കും ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരങ്ങളിൽ ഇരു ടീമുകളും എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. ഉറുഗ്വേ ബൊളീവിയയെ കീഴടക്കിയപ്പോൾ പരാഗ്വേ ചിലിയെയാണ് പരാജയപ്പെടുത്തിയത്. ജയത്തോടെ പരാഗ്വേ അർജൻ്റീനയ്ക്ക് പിന്നിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. ഉറുഗ്വേ നാലാം സ്ഥാനത്താണ്.

ബൊളീവിയക്കെതിരായ മത്സരത്തിൽ തുടരെ ആക്രമണം നടത്തിയ ഉറുഗ്വേയ്ക്ക് ഫിനിഷിംഗിലെ പോരായ്മകളാണ് കൂടുതൽ ഗോളുകൾ സ്കോർ ചെയ്യാൻ തടസ്സമായത്. 40ആം മിനിട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ഉറുഗ്വേ മുന്നിലെത്തി. ബൊളീവിയൻ പ്രതിരോധ നിര താരം ജൈറോ ക്വിൻ്റെറോസ് ആണ് വല കുലുക്കിയത്.

വീണ്ടും ഉറുഗ്വേ ബൊളീവിയൻ പ്രതിരോധത്തെ പലവട്ടം പരീക്ഷിച്ചെങ്കിലും ആ നീക്കങ്ങൾ ഗോളിലേക്കെത്തിയില്ല. ക്രോസ് ബാറിനു കീഴിൽ ബൊളീവിയൻ ഗോൾ കീപ്പർ കാർലോസ് ലാംപെ നടത്തിയ അസാമാന്യ പ്രകടനവും ഉറുഗ്വേ ആക്രമണങ്ങളുടെ മുനയൊടിച്ചു.

ഒടുവിൽ 79ആം മിനിട്ടിൽ ഉറുഗ്വേജയമുറപ്പിച്ച ഗോൾ നേടി. ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ ഇടതു പാർശ്വത്തിൽ നിന്ന് ഫക്കുണ്ടോ ടോറസ് നൽകിയ ക്രോസിൽ കാല് വെക്കുക മാത്രമായിരുന്നു സ്ട്രൈക്കർ എഡിസൺ കവാനിയുടെ ദൗത്യം.

അഞ്ച് മത്സരങ്ങൾ നീണ്ട ജയ വരൾച്ചയ്ക്കാണ് ഇതോടെ ഉറുഗ്വേ അവസാനം കുറിച്ചിരിക്കുന്നത്. ഗ്രൂപ്പിൽ ഉറുഗ്വേയുടെ ആദ്യ ജയം കൂടിയാണ് ഇത്. ജയത്തോടെ ഉറുഗ്വേ ക്വാർട്ടർ പ്രവേശനം ഉറപ്പാക്കുകയും ചെയ്തു.

രണ്ടാം മത്സരത്തിൽ കരുത്തരായ ചിലിയ്ക്കെതിരെ ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റിയാണ് പരാഗ്വേ ജയമുറപ്പിച്ചത്. ബ്രയാൻ സമുദിയോ (33), മിഗ്വേൽ ആൽമിറോൺ (58) എന്നിവരാണ് പരാഗ്വേയ്ക്കായി ഗോളുകൾ നേടിയത്. ആൽമിറോണിൻ്റെ കോർണറിൽ നിന്ന് ഹെഡറിലൂടെ സമുദിയോ ആദ്യ ഗോൾ നേടിയപ്പോൾ പെനൽറ്റിൽ നിന്നായിരുന്നു ആൽമിറോണിൻ്റെ ഗോൾ.

By Divya