Fri. Nov 22nd, 2024
കൊച്ചി:

ലക്ഷദ്വീപിൽ വീണ്ടും വിവാദ നടപടിയുമായി ഭരണകൂടം. ചെറിയം ദ്വീപിലെ ഷെഡ്ഡുകൾ പൊളിച്ചു മാറ്റണമെന്നാണ്​ ഭരണകൂടത്തിന്‍റെ പുതിയ ഉത്തരവ്​. മത്സ്യത്തൊഴിലാളികൾ നിർമിച്ച ഷെഡ്​ ഏഴ്​ ദിവസത്തിനകം​ പൊളിച്ച്​ മാറ്റണമെന്ന്​ ഉത്തരവിൽ വ്യക്​തമാക്കുന്നു.

മത്സ്യത്തൊഴിലാളികൾ സ്വമേധയ ഷെഡ്ഡ്​​ പൊളിച്ചില്ലെങ്കിൽ റവന്യ വകുപ്പ്​ അത്​ ചെയ്യും. പൊളിക്കാനുള്ള ചെലവ്​ തൊഴിലാളികളിൽ നിന്നും ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്​. നേരത്തെയും സമാന രീതിയിൽ ലക്ഷദ്വീപ്​ ഭരണകൂടം മത്സ്യ​തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു മാറ്റിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ്​ ദ്വീപിൽ ഉയർന്നത്​.

കഴിഞ്ഞ ദിവസം ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്ററുടെ രണ്ട്​ വിവാദ ഉത്തരവുകൾ ഹൈക്കോടതി സ്​റ്റേ ചെയ്​തിരുന്നു. ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവും സ്കൂൾ ഉച്ചഭക്ഷണത്തിൽനിന്നും ബീഫും ചിക്കനും ഒഴിവാക്കണമെന്ന ഉത്തരവുമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്​. ലക്ഷദ്വീപ് സ്വദേശി നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി വാദം കേട്ടത്.

By Divya