Wed. Nov 6th, 2024
ന്യൂഡൽഹി:

ഇന്ധന വില വര്‍ദ്ധനയില്‍ കേന്ദ്ര പെട്രോളിയം മന്ത്രിയുടെ വാദങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച്  സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മുകളിലെ എക്‌സൈസ് തീരുവ ഉയര്‍ത്തിയതാണ് വില വര്‍ധിക്കാന്‍ കാരണമെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഉയര്‍ന്ന ഘട്ടങ്ങളില്‍ പോലും രാജ്യത്തെ ഇന്ധന വില ഇപ്പോഴത്തേതിലും വളരെ കുറവായിരുന്നുവെന്ന് യെച്ചൂരി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എത്ര തവണ പെട്രോളും ഡീസലും അടക്കമുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മുകളിലെ എക്‌സൈസ് തീരുവ ഉയര്‍ത്തിയെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനോട് ചോദിക്കണം. എല്ലാം ചെയ്തിട്ട് ആരെങ്കിലും തിരിച്ച് ചോദിക്കുമ്പോള്‍ മുന്‍പ് ഭരിച്ച സര്‍ക്കാരുകളെ കുറ്റപ്പെടുത്തുന്നതാണ് ഇവരുടെ രീതിയെന്നും യെച്ചൂരി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നതാണ് ഇപ്പോഴത്തെ വര്‍ധനവിന് കാരണമെന്നായിരുന്നു കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ വാദം. രാജ്യത്തെ ആവശ്യത്തിന്റെ 80 ശതമാനം ഇന്ധനവും ഇറക്കുമതി ചെയ്യുന്നതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

By Divya