Mon. Dec 23rd, 2024
കോഴിക്കോട്:

വയനാട് മുട്ടിലിൽനിന്നു കോടിക്കണക്കിനു രൂപയുടെ ഈട്ടിത്തടി കടത്തിയ ദിവസം കേസിലെ പ്രതിയുടെ ഫോണിലേക്ക് അന്നത്തെ വനം മന്ത്രിയുടെ ഓഫിസിലെ ഉന്നതൻ വിളിച്ചു. റവന്യു വകുപ്പ് കഴിഞ്ഞവർഷം ഒക്ടോബർ 24ന് ഇറക്കിയ വിവാദ മരംമുറി ഉത്തരവ് ഈവർഷം ഫെബ്രുവരി രണ്ടിനു റദ്ദാക്കിയിരുന്നു.

ഇതിന്റെ പിറ്റേന്നായിരുന്നു ഫോൺകോളുകൾ. രാവിലെ 9.30നു പ്രതി ആന്റോ അഗസ്റ്റിൻ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗത്തെ അങ്ങോട്ടു വിളിച്ച കോൾ ഒരു സെക്കൻഡിനകം കട്ട് ചെയ്തു. പിന്നാലെ തിരികെ ആന്റോയുടെ ഫോണിലേക്ക് ഉന്നതന്റെ വിളിയെത്തി.

ഇത് 83 സെക്കൻഡ് നീണ്ടു. അന്ന് ഉച്ചയോടെയാണ് മുട്ടിലിൽ മുറിച്ചിട്ട 13.3 ക്യുബിക് മീറ്റർ വരുന്ന 54 കഷണം ഈട്ടിത്തടി കെഎൽ 19 2765 വാഹനത്തിൽ ലക്കിടി ചെക്പോസ്റ്റ് വഴി പരിശോധനയില്ലാതെ കടത്തിയത്.

ഫെബ്രുവരി 17, 25 തീയതികളിൽ ഇതേ പഴ്സനൽ സ്റ്റാഫ് അംഗം ആന്റോയെ വീണ്ടും വിളിച്ചതായും രേഖകളുണ്ട്. 17ന് ഉച്ചകഴിഞ്ഞു മൂന്നിന് 65 സെക്കൻഡും 25ന് ഉച്ചകഴിഞ്ഞു 3.34ന് 708 സെക്കൻഡും നീണ്ടു കോളുകൾ.

ഇദ്ദേഹത്തിനു പുറമേ, വനംവകുപ്പിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനും അസി കൺസർവേറ്ററും പ്രതികളുടെ മൊബൈലിൽ നിരന്തരം വിളിച്ചിട്ടുണ്ട്. വയനാട്ടിലെ റേഞ്ച് ഓഫിസർ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ, റവന്യു വകുപ്പിലുള്ള ഇദ്ദേഹത്തിന്റെ ഭാര്യ, സെക്‌ഷൻ ഫോറസ്റ്റർ എന്നിവരും പ്രതികളെ പലതവണ ഫോണിൽ വിളിച്ചു. മരംമുറി തകൃതിയായി നടന്ന സമയത്ത് മറ്റൊരു അസി കൺസർവേറ്ററും ആന്റോയെ സ്ഥിരമായി ബന്ധപ്പെട്ടിരുന്നു.

മുട്ടിൽ മരംവെട്ട് സംബന്ധിച്ച ക്രൈംബ്രാഞ്ചിന്റെയും വനംവകുപ്പിന്റെയും അന്വേഷണങ്ങൾക്കിടെയാണ് വിവരം പുറത്തുവന്നിരിക്കുന്നത്. കടത്തിയ തടിയുടെയും മരം നിന്നിരുന്ന ഭൂമിയുടെയും നിജസ്ഥിതി വനംവകുപ്പ് 3 തവണ ആവശ്യപ്പെട്ടിട്ടും റവന്യു ഉദ്യോഗസ്ഥർ നൽകിയില്ല.

റേഞ്ച് ഓഫിസർ പാസ് നിഷേധിച്ചിട്ടും തടി കടത്തിക്കൊണ്ടുപോകാനും കഴിഞ്ഞു. വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണു തടി കടത്തിയതെന്ന ആരോപണം നേരത്തേയുണ്ടായിരുന്നു. ഫോൺവിളികളും ജീവനക്കാരുടെ അലംഭാവവും തമ്മിൽ ബന്ധമുണ്ടായിരുന്നോ എന്ന് ഇനി പരിശോധിക്കേണ്ടി വരും.

By Divya