തിരുവനന്തപുരം:
കേരളത്തിൽ കോൺഗ്രസ് പാർട്ടിയിൽ സമ്പൂർണ അഴിച്ചു പണി. ഇന്ന് ചേർന്ന കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. ജംബോ കമ്മിറ്റികൾക്ക് പകരം 51 അംഗ നിർവാഹകസമിതിയാവും ഇനി കെപിസിസിക്ക് ഉണ്ടാവുക.
കെപിസിസി അധ്യക്ഷൻ കെസുധാകരനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് പാർട്ടിയിൽ സമ്പൂർണ അഴിച്ചു പണിക്ക് വഴി തുറന്നത്. ഇന്ന് രാവിലെ മുതൽ മുതിർന്ന നേതാക്കളുമായി സുധാകരനും സതീശനും ചർച്ച നടത്തിയിരുന്നു. കേരളത്തിലെ കോൺഗ്രസ് പാർട്ടിയേയും പോഷകസംഘടനകളേയും സമ്പൂർണമായി അഴിച്ചു പണിയാനാണ് ലക്ഷ്യമിടുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെസുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
കെസുധാകരൻ്റെ വാക്കുകൾ:
ഇക്കാര്യത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ല. 51 കമ്മിറ്റി മതിയെന്ന കാര്യത്തിൽ പൊതുധാരണയായിട്ടുണ്ട്. കെപിസിസി അധ്യക്ഷനയേും വർക്കിംഗ് പ്രസിഡൻ്റുമാരേയും കൂടാതെ മൂന്ന് വൈസ് പ്രസിഡൻ്റുമാരും 15 ജനറൽ സെക്രട്ടറിമാരും ഉണ്ടാവും. ഒരു ട്രഷററും ഉണ്ടാവും. സെക്രട്ടറിമാരേയും നിശ്ചയിക്കാനാണ് തീരുമാനം. നിർവാഹക സമിതിയിൽ പത്ത് ശതമാനം വീതം സ്ത്രീകൾക്കും ദളിതർക്കും സംവരണം നൽകും.
കെപിസിസി, ജില്ലാ കമ്മിറ്റി, നിയോജകമണ്ഡലം കമ്മിറ്റി, ബ്ലോക്ക് കമ്മിറ്റി, മണ്ഡലം കമ്മിറ്റി, വാർഡ് – ബൂത്ത് കമ്മിറ്റി, അയക്കൽക്കൂട്ടം അല്ലെങ്കിൽ മൈക്രോ ലെവൽ കമ്മിറ്റി എന്ന തരത്തിലാവും കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ഇനിയുള്ള ഘടന. അയൽക്കൂട്ടം പുതിയ സംവിധാനമാണ്.
താഴെ തട്ടിൽ പാർട്ടിക്ക് ജനങ്ങളുമായി ബന്ധമില്ലെന്ന പരാതിക്ക് പരിഹാരം കണ്ടെത്താനാണ് അയൽക്കൂട്ടം കമ്മിറ്റി കൊണ്ടു വരുന്നത്. 30 മുതൽ അൻപത് വരെയുള്ള വീടുകളാണ് ഒരു അയൽക്കൂട്ടത്തിൽ വരിക. കോൺഗ്രസ് പ്രവർത്തകർക്ക് ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ അയൽക്കൂട്ടം വഴിയൊരുക്കും.
പരാജയത്തിൻ്റെ കാരണത്തെ കുറിച്ച് പഠിക്കാൻ 5 മേഖലാ കമ്മിറ്റികൾ ഉടനെ വരും. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും അച്ചടക്കസമിതികളും സംസ്ഥാന തലത്തിൽ അപ്പീൽ അച്ചടക്കസമിതിയും ഉണ്ടാകും. എന്തു വില കൊടുത്തും പാർട്ടിക്കുള്ളിലെ അച്ചടക്കരാഹിത്യം അവസാനിപ്പിക്കും.
കോൺഗ്രസിൽ ജനാധിപത്യമുണ്ട് എന്ന് കരുതി എന്തും ചെയ്യാം എന്ന സ്ഥിതി ഇനി പാടില്ല. പ്രവർത്തകരുടേയും നേതാക്കളുടേയും അച്ചടക്കം ഉറപ്പാക്കാനും തെറ്റായ പ്രവണതകൾ തിരുത്താനും അച്ചടക്ക സമിതിയുണ്ടാവും. നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടേയും നേതാക്കളുടേയും പരാതികൾ പാർട്ടി പരിശോധിക്കും
നിയോജകമണ്ഡലങ്ങളുടെ എണ്ണം കുറവായതിനാൽ കാസർകോട്, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഡിസിസിക്ക് ചെറിയ നിർവാഹക സമിതി മാത്രമേ ഉണ്ടാവൂ. കെപിസിസിക്ക് സ്ഥിരം മീഡിയ സെൽ വരും. ചാനൽ ചർച്ചകളിൽ ആരെല്ലാം പങ്കെടുക്കണം എന്നതടക്കമുള്ള കാര്യങ്ങളിൽ മീഡിയ സെല്ലിൽ തീരുമാനമുണ്ടാകും.
പാർട്ടിയുടെ നിലപാടുകളും ആശയങ്ങളും കൃത്യമായി മാധ്യമങ്ങളേയും വക്താക്കളേയും അറിയിക്കാൻ കൃത്യമായ സംവിധാനം കെപിസിസിയിൽ ഒരുക്കും. രാഷ്ട്രീയപഠനം പാർട്ടിയിൽ അത്യാവശ്യമാണ് അതിനായി പൊളിറ്റിക്കൽ സ്കൂളുകൾ വരും. പദ്ധതിയുടെ ഒന്നാം ഘട്ടം ഇതിൻ്റെ ഭാഗമായി ഉടനെ നടപ്പാക്കും.
പോഷകസംഘടനകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ന് ചർച്ച നടന്നിട്ടില്ല. ഇക്കാര്യത്തിൽ അടക്കം വരും ദിവസങ്ങളിൽ തീരുമാനം വരും. പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലാവും കെപിസിസിയിൽ പുനസംഘടന വരിക.
ഒരു സെമി കേഡർ പാർട്ടിയായി കോൺഗ്രസിനെ മാറ്റുകയാണ് ലക്ഷ്യം. ഭാരവാഹികളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പ്രത്യേക സംവിധാനമുണ്ടാവും നേതാക്കളുടെ പ്രവർത്തനം ശരിയല്ലാത്ത പക്ഷം അവരെ മാറ്റി വേറെ ആളുകളെ ഇറക്കും.