Mon. Dec 23rd, 2024
കൊച്ചി:

സംവിധായിക ഐഷ സുല്‍ത്താന ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ലക്ഷദ്വീപ് ഭരണകൂടം. ഐഷ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ല, കോടതി നല്‍കിയ ഇളവുകള്‍ ദുരുപയോഗം ചെയ്തു എന്നും ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു.

ഇതുസംബന്ധിച്ച രേഖകളും ദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം, രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി. കേസില്‍ മൂന്നാം തവണയാണ് കവരത്തി പൊലീസ് ഐഷയെ ചോദ്യം ചെയ്യുന്നത്.

ഇതിനിടെ ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് കളക്ടര്‍ അസ്ഗര്‍ അലി താക്കീത് ചെയ്തിരുന്നു. ഐഷ സുല്‍ത്താന കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനില്‍ എത്താനുള്ള അനുമതി മാത്രമാണ് ഐഷയ്ക്ക് നല്‍കിയതെന്നാണ് കളക്ടര്‍ പറഞ്ഞത്.

ഐഷ സുല്‍ത്താന പഞ്ചായത്ത് മെമ്പര്‍മാരുടെ യോഗത്തില്‍ പങ്കെടുത്തു, കൊവിഡ് രോഗികളുടെ ചികിത്സ കേന്ദ്രങ്ങളിലെത്തുകയും ദ്വീപിലെ പലയിടങ്ങളിലും സന്ദര്‍ശനം നടത്തുകയും ചെയ്തു. ഇത് ആവര്‍ത്തിച്ചാല്‍ നടപടിയെടുക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

By Divya