തിരുവനന്തപുരം:
ഗാർഹിക പീഡന പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളീയ സമൂഹത്തിന് അപമാനമാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷയെ പുറത്താക്കണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
ഒരു സ്വകാര്യ ചാനൽ നടത്തിയ പരിപാടിക്കിടെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയത്. ഭരണ -പ്രതിപക്ഷകക്ഷി വ്യത്യാസമില്ലാതെ വനിതാ കമ്മീഷനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
മോശമായി സംസാരിച്ചിട്ടുണ്ടെങ്കിൽ അത് ജോസഫൈൻ വിശദീകരിക്കണമെന്നും തെറ്റു പറ്റിയെങ്കിൽ അത് പറയാൻ തയാറാകണമെന്നും പികെ ശ്രീമതി പ്രതികരിച്ചു. പരാതിക്കാരോട് നല്ല നിലയിൽ പെരുമാറണം എന്നാണ് നിലപാടെന്നും കൊല്ലത്ത് മരിച്ച വിസ്മയയുടെ വീട്ടിലെത്തിയ വേളയിൽ ശ്രീമതി പറഞ്ഞു.
അതേ സമയം പ്രതിപക്ഷ-യൂത്ത് സംഘനകളും പ്രതിഷേധവുമായി രംഗത്തെത്തി. കൊല്ലം കരുനാഗപ്പള്ളിയിൽ വനിതാ കമ്മീഷൻ ചെയർപേഴ്സണ് ജോസൈഫിന്റെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കുകയാണ്.