Mon. Dec 23rd, 2024
ദുബൈ:

കൊവിഡ് രോഗ നിര്‍ണയത്തിനുള്ള ആര്‍ടി പിസിആര്‍ പരിശോധന നടത്താനായി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അത്യാധുനിക ലാബ് തയ്യാറാവുന്നു. 20,000 ചതുരശ്ര അടി വിസ്‍തീര്‍ണമുള്ള ഈ ലബോറട്ടറിയില്‍ 24 മണിക്കൂറും പരിശോധനകള്‍ നടത്താനുള്ള സംവിധാനമുണ്ടാകും. ദുബൈ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന എല്ലാ യാത്രക്കാരില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് വിമാനത്താവളത്തില്‍ വെച്ചുതന്നെ പരിശോധന നടത്തുകയാണ് ലക്ഷ്യം.

ദിവസം ഒരു ലക്ഷം സാമ്പിളുകള്‍ വരെ പരിശോധന നടത്താന്‍ ശേഷിയുള്ളതാണ് പുതിയ ലാബെന്ന് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ പരിശോധനാ ഫലം ലഭ്യമാക്കാനുമാവും. ദുബൈ ഹെല്‍ത്ത് അതോരിറ്റിയുമായും പ്യുവര്‍ ഹെല്‍ത്തുമായും സഹകരിച്ചതാണ് വിമാനത്താവളം അധികൃതര്‍ രണ്ടാം ടെര്‍മിനലില്‍ ലാബ് സജ്ജമാക്കുന്നത്.

പൊസിറ്റീവ്, നെഗറ്റീവ് പ്രഷര്‍ റൂമുകള്‍ക്കൊപ്പം പരിശോധനാ ഫലങ്ങള്‍ സര്‍ക്കാര്‍ പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കുതിനുള്ള സംവിധാനങ്ങളുമുണ്ടാകും. ഏറ്റവും എളുപ്പത്തില്‍ സുരക്ഷിതമായി വിവരങ്ങള്‍ അധികൃതരിലേക്കും വിമാനക്കമ്പനികള്‍ക്കും എത്തിക്കാനാവും.

അന്താരാഷ്‍ട്ര യാത്രാ ഹബ്ബ് എന്ന നിലയില്‍ വരും ദിവസങ്ങളില്‍ ദുബൈ വിമാനത്താവളത്തിലുണ്ടാകാന്‍ പോകുന്ന ജനത്തിരക്ക് കണക്കിലെടുത്ത് ഏറ്റവും സുരക്ഷിതമായ യാത്രാ സൗകര്യമാണ് ഒരുക്കുന്നതെന്ന് ദുബൈ എയര്‍പോര്‍ട്ട്സ് ചെയര്‍മാന്‍ ശൈഖ് അഹ്‍മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു.

By Divya