Wed. Jan 22nd, 2025
കൊച്ചി:

ഡൽഹി, പോണ്ടിച്ചേരി മാതൃകയിൽ ലക്ഷദ്വീപിലും നിയമസഭ വേണമെന്ന് പി പി ഫൈസൽ എം പി ജനങ്ങളുടെ അഭിപ്രായങ്ങൾ ഭരണതലത്തിൽ പരിഗണിക്കുന്നതിന് നിയമസഭ അനിവാര്യമാണെന്നും ഫൈസൽ പറഞ്ഞു.

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്‍റെ ജനദ്രോഹ നടപടികൾക്കെതിരെ ഒറ്റക്കെട്ടായാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്. ഇതിനായി സേവ് ലക്ഷദ്വീപ് ഫോറത്തിന് രൂപം നൽകിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററെ എത്രയും വേഗം പിൻവലിക്കണമെന്നാണ് ഫോറത്തിന്‍റെ പ്രധാന ആവശ്യം.

പ്രഫുൽ പട്ടേൽ ഇറക്കിയ ജനദ്രോഹ ഉത്തരവുകൾ പിൻവലിക്കാൻ തയാറാകണം. കേരളവുമായുള്ള ലക്ഷദ്വീപിന്‍റെ ബന്ധത്തെ വിച്ഛേദിക്കാനുള്ള ഗൂഢനീക്കങ്ങളാണ് നടക്കുന്നത്. കേരള ഹൈക്കോടതിയിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാനുള്ള നീക്കം ശരിയല്ല.

ദ്വീപിലെ ജില്ലാ കോടതി, രണ്ട് മുനിസിഫ് കോടതികൾ അടക്കമുള്ളവയുടെ നടപടിക്രമങ്ങൾ മാതൃഭാഷയായ മലയാളത്തിലാണ്. ജനങ്ങൾക്ക് പരിചയമില്ലാത്ത ഭാഷ സംസാരിക്കുന്ന കർണാടക കോടതിയുടെ കീഴിലേക്ക് കൊണ്ടു പോകാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഈ നീക്കം അഡ്മിനിസ്ട്രേറ്റർക്ക് കേരള ഹൈക്കോടതിയിൽ വിശ്വാസമില്ലാത്തത് കൊണ്ടാണോ എന്ന് വ്യക്തമാക്കണമെന്നും ഫൈസൽ ആവശ്യപ്പെട്ടു.

സിബിഎസ്ഇ മാതൃകയിലും കേരള എഡ്യുക്കേഷൻ ബോർഡിന്‍റെ കീഴിലുമാണ് ദ്വീപിലെ സ്കൂളുകളിലെ സിലബസ് ക്രമീകരിച്ചിട്ടുള്ളത്. കേരള എഡ്യുക്കേഷൻ ബോർഡ് മാറ്റി സിബിഎസ്ഇ മാത്രം നിലനിർത്താനുള്ള നീക്കവും നടക്കുന്നുണ്ട്. ബേപ്പൂർ തുറമുഖത്ത് നിന്ന് മംഗലാപുരത്തേക്ക് യാത്രകൾ മാറ്റാൻ ദ്വീപുകാർ ആഗ്രഹിച്ചിട്ടില്ല. എന്നാൽ, കൂടുതൽ ക്രമീകരണങ്ങൾ നടപ്പാക്കേണ്ടതുണ്ട്. ലക്ഷദ്വീപിനെ പിന്തുണക്കുന്ന കേരളവുമായുള്ള ബന്ധം ഇല്ലാതാക്കാനാണ് ഭരണാധികാരികൾ ശ്രമിക്കുന്നത്.

ലക്ഷദ്വീപിൽ പ്രശ്നങ്ങളില്ലെന്നും എല്ലാം കേരളത്തിലാണെന്നുമുള്ള അഡ്മിനിസ്ട്രേറ്റുടെ‍യും ജില്ലാ കലക്ടറുടെയും ആരോപണം വാസ്തവവിരുദ്ധമാണ്. കേരളവുമായി നൂറ്റാണ്ടുകളുടെ ബന്ധമാണ് ലക്ഷദ്വീപിനുള്ളത്. അത് മാറ്റാൻ സാധിക്കില്ലെന്നും ഫൈസൽ വ്യക്തമാക്കി.

By Divya