Wed. Nov 6th, 2024
തിരുവനന്തപുരം:

സംസ്ഥാനത്തെ ബാറുകളും കൺസ്യൂമർഫെഡ് ഔട്ട്‍ലെറ്റുകളും അടച്ചിട്ട സാഹചര്യം ചര്‍ച്ച ചെയ്യാന്‍ എക്സൈസ് മന്ത്രി വിളിച്ച യോഗം ഇന്ന് വൈകിട്ട് ചേരും. നികുതി സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിലാണ് യോഗം. വെയർഹൗസ് മാർജിൻ ഉയർത്തിയ ബെവ്കോയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ബാറുകളും കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‍ലെറ്റുകളും തിങ്കഴാഴ്ച മുതല്‍ അടച്ചിട്ടത്.

ലാഭ വിഹിതം നാമമാത്രമായതിനാൽ മദ്യം പാഴ്സൽ വിൽപന പ്രായോഗികമല്ലെന്നാണ് ബാറുടമകളുടെ നിലപാട്. മന്ത്രിതല ചര്‍ച്ചയില്‍  അനുകൂല നിലപാടുണ്ടായാൽ മാത്രമേ മദ്യവിൽപന പുനരാംരംഭിക്കുകയുള്ളുവെന്ന് ബാറുടമകളുടെ സംഘടന അറിയിച്ചു. കൊവിഡ് കാലത്ത് വ്യവസായികളെ സഹായിക്കുന്നതിന് പകരം വില വര്‍ധിപ്പിച്ച് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നാണ് ഉടമകളുടെ പക്ഷം.

ബെവ്കോക്ക് നൽകുന്ന അതേ മാര്‍ജിനിൽ തന്നെ ബാറുകൾക്കും മദ്യം നൽകണമെന്നാണ് ഇവരുടെ ആവശ്യം. കണ്‍സ്യൂമര്‍ ഫെഡിന്‍റേത് എട്ടിൽ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയത്. ബെവ്കോയില്‍ നിന്ന് വില്‍പ്പനയ്ക്കായി മദ്യം വാങ്ങുമ്പോള്‍ ഈടാക്കുന്ന വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മദ്യവില്‍പ്പനയിലെ പ്രതിസന്ധി.

വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കുമ്പോഴും റീടെയ്ൽ വില ഉയർത്താൻ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്. ബെവ്കോ ഔട്ട്‍ലെറ്റുകള്‍ പ്രവർത്തിക്കുന്നതിനാൽ സംസ്ഥാനത്ത് മദ്യവിൽപനയിൽ പ്രതിസന്ധിയില്ല.

By Divya