മുംബൈ:
മഹാരാഷ്ട്രയിൽ കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്തത് 21 പേർക്ക്. സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപെ അറിയിച്ചതാണ് ഇക്കാര്യം.
കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിൽ വന്നിട്ടുള്ള സുപ്രധാന ജനിതകമാറ്റമാണ് ഡെൽറ്റ പ്ലസ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാൻ ശേഷിയുള്ളവയാണ് ഡെൽറ്റ പ്ലസ് വകഭേദം.
‘മഹാരാഷ്ട്രയിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തുന്നതിനായി എല്ലാ ജില്ലയിൽനിന്നും 100 സാമ്പിളുകൾ വീതം ശേഖരിച്ചു. മേയ് 15 വരെ 7500 സാമ്പിളുകളാണ് ശേഖരിച്ചത്. ഇവയിൽ 21 സാമ്പിളുകളിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി’ -മന്ത്രി പറഞ്ഞു.
രത്നഗിരിയിൽ ഒമ്പതു കേസുകളും ജാൽഗണിൽ ഏഴെണ്ണവും മുംബൈയിൽ രണ്ടും പാൽഗറിലും സിന്ധുദർഗിലും താനെയിലും ഒന്നുവീതവും കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയവരുടെ സമ്പർക്കവും യാത്ര ചരിത്രവും പരിശോധിക്കുകയാണെന്ന് സംസ്ഥാനം അറിയിച്ചു.
മാർച്ചിലാണ് ആദ്യമായി ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഡെൽറ്റ പ്ലസ് വകഭേദം രാജ്യത്ത് ആശങ്ക സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു