Wed. Jan 22nd, 2025
ന്യൂഡൽഹി:

ഡൽഹിയിൽ നിന്നും ഹരിയാന അതിർത്തിയിലെ ഗ്രാമമായ വല്ലഭ്ഗഡിലെ തന്റെ വീട്ടിലേക്ക് പോകാൻ ട്രെയിനിൽ യാത്ര ചെയ്യവേ ഗോരക്ഷക ഗുണ്ടകളുടെ കൊലക്കത്തിക്ക് ഇരയായി ജുനൈദ് എന്ന പതിനാറുകാരൻ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് നാല് വർഷം. നിസാമുദ്ദീനിൽ നിന്നും ശകുർബസ്തി – പൽവൽ പാസ്സഞ്ചറിൽ സഹോദരങ്ങൾക്കൊപ്പം യാത്ര ചെയ്യവെയാണ്‌ ജുനൈദ് ക്രൂരമായി കൊല്ലപ്പെട്ടത്.

ജുനൈദിന്റെ കൊലപാതകത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പോരാട്ടം കുടുംബം തുടരുകയാണ്. കേസ് നീട്ടിക്കൊണ്ടുപോവുകയാണെന്നും തന്റെ മകനെ കൊന്നവർ സ്വതന്ത്രമായി വിഹരിക്കുകയാണെന്നും ജുനൈദിന്റെ മാതാവ് സൈറ ബാനു പറഞ്ഞു.

“ഈ മാസം 22 നു എന്റെ മകൻ കൊല്ലപ്പെട്ടിട്ട് നാല് വർഷമാവുകയാണ്. ഞങ്ങൾക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല. ഇത്രയും കാലം ഞങ്ങൾ കോടതി കയറിയിറങ്ങുകയാണ്. കുറ്റം ചെയ്തവർ സ്വതന്ത്രമായി വിഹരിക്കുന്നു. നിരപരാധികൾ കൊല്ലപ്പെടുകയാണ്. കൊലപാതികൾ സ്വൈര്യമായി വിഹരിക്കുകയാണ്.” – സൈറ ബാനു പറഞ്ഞു.

2017 ജൂൺ 22 നാണ് ജുനൈദ് കൊല്ലപ്പെടുന്നത്. ഖുർആൻ മനഃപാഠമാക്കിയതിന് മാതാവ് സമ്മാനമായി നൽകിയ തുകക്ക് പെരുന്നാൾ കോടി വാങ്ങാൻ ഡൽഹിയിലേക്ക് പോയതാണ് ജുനൈദും സഹോദരനും. സാധനങ്ങൾ വാങ്ങി ജുനൈദും സഹോദരനും ഡൽഹിയിലെ സദർ ബസാറിൽ നിന്നും ട്രെയിൻ കയറി.

ഇതിനിടെ ഇവർ ഇരുന്ന സീറ്റിലെത്തിയ അക്രമികൾ ഇവരുമായി തർക്കത്തിലേർപ്പെടുകയും പിന്നീട് മർദിക്കുകയും കത്തിയുൾപ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ജുനൈദ് റെയിൽവേ സ്റ്റേഷനിൽ ചോര വാർന്നു മരിക്കുകയും ചെയ്തു.

രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് ശേഷം കേസിൽ ആറുപേരെ അറസ്റ്റ് ചെയ്തു. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ജുനൈദിന്റെ കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും പിന്നീട് ഇവർ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. 2018 ഒക്ടോബറോടെ കേസിലെ എല്ലാ പ്രതികളും ജാമ്യത്തിൽ പുറത്തിറങ്ങി.

By Divya