മനാമ:
ബഹ്റൈനിൽ ദേശീയ കൊവിഡ് പ്രതിരോധ വാക്സിനേഷൻ കാമ്പയിൻ ആറ് മാസം പൂർത്തീകരിച്ച് മുന്നോട്ട്. എല്ലാവർക്കും വാക്സിൻ നൽകി കൊവിഡിൽനിന്ന് രാജ്യത്തെ മുക്തമാക്കാൻ ആരംഭിച്ച കാമ്പയിൻ ഞായറാഴ്ചയാണ് ആറ് മാസം പിന്നിട്ടത്. ഇതുവരെ 20 ലക്ഷത്തോളം ഡോസ് വാക്സിൻ രാജ്യത്ത് നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ജനസംഖ്യയിൽ 69.4 ശതമാനം പേർക്കും ഒരു ഡോസെങ്കിലും വാക്സിൻ നൽകാൻ കഴിഞ്ഞത് കാമ്പയിന്റെ വിജയമാണ്. കഴിഞ്ഞ വർഷം ഡിസംബർ 13നാണ് ബഹ്റൈനിൽ കൊവിഡ് വാക്സിന് രജിസ്ട്രേഷൻ ആരംഭിച്ചത്. ഡിസംബർ 20 മുതൽ വാക്സിൻ നൽകിത്തുടങ്ങി.
സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായി കൊവിഡ് വാക്സിൻ നൽകാൻ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചതിെൻറ അടിസ്ഥാനത്തിലാണ് രാജ്യത്ത് വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചത്.
കൊവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിലാണ് കാമ്പയിൻ പുരോഗമിക്കുന്നത്. ശനിയാഴ്ച വരെ 10,41,584 പേർക്ക് ഒന്നാം ഡോസും 8,90,922 പേർക്ക് രണ്ടാം ഡോസും നൽകി.
തുടക്കത്തിൽ 27 ഹെൽത്ത് സെൻററുകൾ വഴിയാണ് വാക്സിൻ നൽകിയത്. ഇപ്പോൾ, ഹെൽത്ത് സെൻററുകൾക്ക് പുറമേ, കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ, ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ, സിത്ര മാൾ, ബിഡിഎഫ് മിലിട്ടറി ഹോസ്പിറ്റൽ എന്നിവിടങ്ങളിലും വാക്സിൻ നൽകുന്നുണ്ട്.
ജനങ്ങൾക്ക് വാക്സിൻ നൽകാൻ മുന്നോട്ടുവന്ന ആദ്യ രാജ്യങ്ങളിലൊന്നായിരുന്നു ബഹ്റൈൻ. തുടർന്ന് ജനങ്ങൾക്കിടയിൽ കൃത്യമായ ബോധവത്കരണത്തിലൂടെ കാമ്പയിൻ മികച്ച വിജയമാക്കാൻ അധികൃതർക്ക് കഴിഞ്ഞു. നിലവിൽ സിനോഫാം, ഫൈസർ-ബയോൺടെക്, കോവിഷീൽഡ്-ആസ്ട്രസെനഗ, സ്പുട്നിക് 5 വാക്സിനുകളാണ് രാജ്യത്ത് നൽകുന്നത്. സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസും നൽകിത്തുടങ്ങി.