മസ്കത്ത്:
രാജ്യത്ത് കൊവിഡ് വാക്സിനേഷൻറെ അടുത്ത ഘട്ടത്തിന് തുടക്കമായി. 45 വയസ്സിന് മുകളിലുള്ള സ്വദേശികൾക്കാണ് വാക്സിൻ നൽകിത്തുടങ്ങിയത്. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററാണ് പ്രധാന വാക്സിനേഷൻ കേന്ദ്രം.
ഖുറിയാത്തിലെ സാഹിൽ ഹെൽത്ത് സെൻററിലും വാക്സിൻ നൽകിത്തുടങ്ങി. സൂർ സ്പോർട്സ് കോംപ്ലക്സിൽ ഇന്നു മുതൽ വാക്സിനേഷൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ആദ്യ ദിവസം നിരവധി പേരാണ് വാക്സിൻ സ്വീകരിക്കാനായി എത്തിയത്. വാക്സിനേഷനെ കുറിച്ച സാമൂഹിക അവബോധം വർധിച്ചതിൻറെ ഫലമാണ് ഇതെന്ന് ആരോഗ്യ മന്ത്രാലയം പ്രതിനിധി ഡോ സൈനബ് അബ്ദുൽ റസാഖ് അൽ ബലൂഷി പറഞ്ഞു. കൺവെൻഷൻ സെൻററിൽ 60 റൂമുകളാണ് വാക്സിനേഷന് വേണ്ടി സജ്ജീകരിച്ചിട്ടുള്ളത്. അതിനിടെ വിദേശികളുടെ വാക്സിനേഷൻ സംബന്ധിച്ച് ഒമാൻ ആരോഗ്യ വകുപ്പ് ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചു.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ നടക്കുന്ന വാക്സിനേഷൻ ക്യാമ്പ് ഇപ്പോൾ 45 വയസ്സിന് മുകളിലുള്ള സ്വദേശികൾക്ക് മാത്രമായാണ് നടത്തുന്നത്. വിദേശികൾക്ക് ഇവിടെ സൗജന്യ വാക്സിൻ ലഭിക്കില്ല. വിദേശികൾ ഓരോരുത്തരും ജോലി ചെയ്യുന്ന സ്ഥാപനം നടത്തുന്ന ക്രമീകരണത്തിലൂടെ വേണം വാക്സിൻ സ്വീകരിക്കാനെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.