Wed. Jan 22nd, 2025
ന്യൂഡൽഹി:

സർക്കാർ നമ്മുടെ പ്രശ്‌നം കേൾക്കില്ല, ട്രാക്ടറുമായി തയ്യാറായിരിക്കുക- ഡല്‍ഹി അതിര്‍ത്തികളില്‍ കേന്ദ്രത്തിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരേ സമരം ചെയ്യുന്ന കർഷകരോട് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത്തിന്റെ വാക്കുകളാണിവ. നമ്മുടെ ഭൂമി രക്ഷിക്കണമെന്നും ടികായത്ത് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.

ജൂൺ 30 ന് കർഷകർ സമരം ചെയ്യുന്ന സംസ്ഥാന അതിർത്തികളിൽ ‘ഹൂൾ ക്രാന്തി ദിവസ്’ ആചരിക്കാനും സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന് തദ്ദേശീയരായ ഗ്രാമീണരുടെയും പിന്തുണയുണ്ടെന്നും കർഷക നേതാക്കൾ പറഞ്ഞു. ജൂൺ 30ന് ഗോത്ര വിഭാഗങ്ങളിൽ പെട്ടവരെയും പ്രക്ഷോഭ സ്ഥലത്തേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

ബിജെപി, ഹരിയാനയിലെ ജെജെപി (ജനനായക് ജനത പാർട്ടി) എന്നീ പാർട്ടികളിലെ നേതാക്കൾക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാനും സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ നവംബർ മുതൽ നിരവധി കർഷകരാണ് ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്നത്. വിവാദമായ മൂന്ന് കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ സമരം ചെയ്യുന്നത്. അതേസമയം പുതിയ കാർഷിക നിയമം കർഷകർക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാട്.

By Divya