തമിഴ്നാട്:
തമിഴ്നാട്ടിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ 4 മരണം. വിരുദുനഗര്‍ ജില്ലയിലെ തയില്‍പ്പെട്ടിയിലെ പടക്കനിർമ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. അനധികൃതമായാണ് ഈ പടക്ക നിര്‍മ്മാണ ശാല പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. നിരവധി തൊഴിലാളികൾക്ക് സ്ഫോടനത്തില്‍ പൊള്ളലേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പൊള്ളലേറ്റവെരെ വിരുദുനഗർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടക്കനിർമ്മാണശാലയ്ക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ശിവകാശിക്ക് സമീപമാണ് വിരുദുനഗര്‍ ജില്ല. പടക്ക നിര്‍മ്മാണത്തിന് തമിഴ്നാട്ടിലെ തന്നെ പ്രസിദ്ധമായ സ്ഥലം കൂടിയാണ് ശിവകാശിയും പരിസരവും. ചെന്നൈയില്‍ നിന്ന് 500 കിലോമീറ്റര്‍ ദൂരെയാണ് ഇവിടം. 2018ല്‍ സുപ്രീം കോടതിയുടെ ഉത്തരവ് വരുന്നതിന് മുന്‍പ് രാജ്യത്തെ 90-95 ശതമാനം വരെയുള്ള പടക്ക നിര്‍മ്മാണം കേന്ദ്രീകരിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു.