Sat. Nov 23rd, 2024
പത്തനംതിട്ട:

കോന്നി കല്ലേലി  വനത്തില്‍ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ തേക്ക് മരം മുറിച്ച് കടത്തിയതായി യു ഡിഎഫ് പ്രതിനിധി സംഘത്തിന്‍റെ. ആരോപണം. ലക്ഷക്കണക്കിന് രൂപയുടെ മരം നഷ്ടപ്പെട്ട സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും യു ഡി എഫ് ആവശ്യപ്പെട്ടു. അതേസമയം മരമുറിച്ചവർക്ക് എതിരെ നിയമനടപടി തുടങ്ങിയെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

പത്തനംതിട്ട ജില്ലയില്‍ ഉള്‍പ്പെട്ട കോന്നി വനമേഖലയില്‍  ഉളിയനാട്ടുനിന്നും  തെക്ക് മരങ്ങള്‍ മോഷണം പോയി എന്നാണ് യുഡിഎഫിന്‍റെ അരോപണം . 2020 മാര്‍ച്ച് മാസത്തിലാണ് വനം കൊള്ള നടന്നത്.

ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കൂടി പങ്കളികളായ വനകൊള്ളയില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം . മുട്ടില്‍ മരംമുറി കേസ്സുപോലെ തന്നെ ലക്ഷകണക്കിന് രൂപയുടെ നഷ്ടം ഉണ്ടായി. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ എത്തിക്കുന്ന കാര്യത്തിൽ വനംവകുപ്പിന് വീഴ്ച സംഭവിച്ചുവെന്നും യുഡിഎഫ് സംഘത്തിലുണ്ടായിരുന്ന ബെന്നി ബഹനാന്‍ എംപി ആരോപിച്ചു.

ഉളിയനാട് വനമേഖലയില്‍ നിന്നും  തേക്ക് മരം മുറിച്ച് കടത്തിയ  ഏഴ്പേരെ പിടികൂടി കേസ്സെടുത്തു എന്നും  ഇവരുടെ പക്കല്‍ നിന്നും  തൊണ്ടി മുതല്‍ കണ്ടെത്തിയെന്നും വനംവകുപ്പ്  ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. സംഭവമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരു റേഞ്ച് ഓഫിസര്‍ ഉള്‍പ്പടെ ആറ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുത്തതായും വനവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ ഉളിയനാട് മരംമോഷണത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ നടന്നിട്ടില്ലന്നാണ് സ്ഥലം സന്ദർശിച്ച യുഡിഎഫ് നേതാക്കളുടെ ആരോപണം.

By Divya