Fri. Nov 22nd, 2024
ന്യൂഡല്‍ഹി:

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് നേതാക്കള്‍ കത്തെഴുതിയതിനെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ചോദ്യം ചെയ്ത് കൊണ്ടല്ല പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതെന്നും ത്യാഗത്തിലൂടെ മാത്രമെ മാറ്റം സാധ്യമാകുകയുള്ളുവെന്നും ഖുര്‍ഷിദ് പറഞ്ഞു.

കോണ്‍ഗ്രസിനുള്ളില്‍ ഒരു മേജര്‍ ഓപ്പറേഷന്‍ വേണമെന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കള്‍ ഒരുമിച്ചിരുന്ന് പരിഹാരം കാണേണ്ട വിഷയത്തിനാണ് ഇത്തരം ശൈലികള്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ഖുര്‍ഷിദ് പറഞ്ഞു.

അതേസമയം പാര്‍ട്ടി അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം രാഹുല്‍ ഗാന്ധിയ്ക്ക് ഉണ്ടെന്നും ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അദ്ദേഹം അധ്യക്ഷനായാലും ഇല്ലെങ്കിലും ഞങ്ങള്‍ക്ക് രാഹുല്‍ എന്നും നേതാവ് തന്നെയായിരിക്കുമെന്നും ഖുര്‍ഷിദ് പറഞ്ഞു.

കോണ്‍ഗ്രസില്‍ അടിയന്തരമായി മാറ്റം വരണമെന്നും പാര്‍ട്ടി നേതൃത്വം കേട്ടേ മതിയാകൂ എന്നും കഴിഞ്ഞദിവസം കപില്‍ സിബലും പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന ജിതിന്‍ പ്രസാദ ബിജെപിയിലേക്ക് പോയ സാഹചര്യത്തിലായിരുന്നു സിബലിന്റെ വിമര്‍ശനം.
ബിജെപിയില്‍ ചേരാന്‍ ജിതിന്‍ പ്രസാദയ്ക്ക് അദ്ദേഹത്തിന്റേതായ കാരണങ്ങളുണ്ടാകും. കോണ്‍ഗ്രസില്‍ വിട്ടതില്‍ അദ്ദേഹത്തെ താന്‍ കുറ്റപ്പെടുത്തുന്നില്ല എന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിനുള്ളില്‍ ചെറുതല്ലാത്ത അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അടുത്തതായി ബിജെപിയിലേക്ക് പോകുന്നത് സച്ചിന്‍ പൈലറ്റ് ആകുമോ എന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്.

By Divya