Mon. Dec 23rd, 2024
കാസർകോട്:

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രധാന പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ താൽക്കാലിക നിയമനം നൽകിയതിനെച്ചൊല്ലി വിവാദം. കണ്ണൂർ ജയിലിൽ റിമാൻഡിൽ കഴിയുന്ന കേസിലെ ഒന്നാം പ്രതിയും ‌സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന കല്യോട്ട് ഏച്ചിലടുക്കത്തെ എപീതാംബര‍ന്റെ (54) ഭാര്യ, രണ്ടാം പ്രതി സിജെസജിയുടെ (51) ഭാര്യ, മൂന്നാം പ്രതി കെഎംസുരേഷിന്റെ (27) ഭാര്യ എന്നിവരാണു കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ ജോലിയിൽ പ്രവേശിച്ചത്.

നിയമനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ ജില്ലാ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. പ്രതികളെ സംരക്ഷിക്കാൻ കോടതിയിൽ പോയി കോടികൾ ചെലവാക്കിയ സർക്കാർ ആ നിലപാട് തുടരുകയാണെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ പികെ സത്യനാരായണൻ ആരോപിച്ചു.

ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ആശുപത്രിയിലെ താൽക്കാലിക നിയമനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയാണ് അംഗീകാരം നൽകേണ്ടത്. സിപിഎം ഭരണത്തിലുള്ള കാസർകോട് ജില്ലാ പഞ്ചായത്തിലെ കമ്മിറ്റി മുഖേനയാണ് ഇവരുടെ നിയമനം.

സിപിഎം നിർദേശപ്രകാരമാണു പ്രതികളുടെ ബന്ധുക്കളെ നിയമിച്ചതെന്നാണ് കോൺഗ്രസ് ആരോപണം. കൊലപാതകികളുമായി സിപിഎമ്മിനുള്ള ബന്ധം കൂടുതൽ വ്യക്തമായിരിക്കുകയാണെന്നു രാജ്മോഹൻ ഉണ്ണിത്താൻ എംപി പറ‍ഞ്ഞു. അതേ സമയം നിയമനത്തിൽ സിപിഎം ഇടപെട്ടിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി എംവിബാലകൃഷ്ണൻ പറഞ്ഞു.

By Divya