ശ്രീനഗർ:
പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുകശ്മീരിൽ സർവകക്ഷി യോഗം വിളിക്കുന്നു. വ്യാഴാഴ്ച യോഗം നടക്കുമെന്നാണ് റിപ്പോർട്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി ഭരണകൂടം സ്വീകരിക്കുന്ന നിർണായക നടപടിയാണിത്.
ജമ്മുകശ്മീരിൻറെ സംസ്ഥാനപദവി എടുത്ത് കളഞ്ഞതുൾപ്പടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർവകക്ഷി യോഗത്തിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ ജമ്മുകശ്മീർ ലഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹയും പങ്കെടുത്തിരുന്നു.
2019 ആഗസ്റ്റിൽ ജമ്മുകശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. സംസ്ഥാനത്തെ ജമ്മുകശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു. ഇതിന് മുന്നോടിയായി കശ്മീരിലെ മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രണ്ട് മാസത്തിന് ശേഷമാണ് ഇവരെ വിട്ടയച്ചത്.