Mon. Dec 23rd, 2024
ന്യൂഡൽഹി:

ഇന്ത്യയുടെ ഇതിഹാസ കായികതാരം മിൽഖ സിങ് (91) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. മേയ് 20 നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഓക്സിജൻ നില താഴ്ന്നതിനെ തുടർന്ന് ജൂൺ മൂന്ന് മുതൽ ഐസിയുവിലായിരുന്നു.

മിൽഖയുടെ വേർപാടിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് തുടങ്ങിയവർ അനുശോചിച്ചു. ഒരു പടുകൂറ്റൻ കായികതാരത്തെയാണ് നമുക്കു നഷ്ടമായത്. അസംഖ്യം ഇന്ത്യക്കാരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം നേടിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. മിൽഖയുടെ വേർപാടിൽ ഏറെ വേദനിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

നിലവിൽ പാക്കിസ്ഥാന്റെ ഭാഗമായ ഫൈസലാബാദിലാണ് മിൽഖാ സിങ്ങിന്റെ ജനനം. ഒളിംപിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ പുരുഷ അത്‌ലീറ്റാണ് മിൽഖാ സിങ്. 1960 ലെ റോം ഒളിംപിക്സിൽ ഫോട്ടോ ഫിനീഷിലാണ് മിൽഖ സിങ്ങിന് മൂന്നാം സ്ഥാനം നഷ്ടമായത്.

1958ൽ വെയ്‌ൽസിലെ കാർഡിഫ് അതിഥ്യം വഹിച്ച കോമൺവെൽത്ത് ഗെയിംസിലൂടെ (അന്നു ബ്രിട്ടിഷ് എംപയർ ആൻഡ് കോമൺവെൽത്ത് ഗെയിംസ്) മിൽഖ സിങ്ങാണ് ഇന്ത്യക്കു രാജ്യാന്തര ട്രാക്കിൽനിന്ന് ആദ്യമായി സ്വർണം സമ്മാനിച്ചത്. 440 വാര ഓട്ടത്തിലാണ് മിൽഖ ചരിത്രത്തിൽ ഇടംനേടിയത്. അതിനുമുൻപ് ഏഷ്യൻ ഗെയിംസിലൂടെ ഇന്ത്യക്കാർ സ്വർണം നേടിയിട്ടുണ്ടെങ്കിലും ഭൂഖണ്ഡാന്തര മേള എന്ന പദവിയെ അതിനുള്ളൂ.

1959 ൽ രാജ്യം പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. 2013 ൽ പ്രസിദ്ധീകരിച്ച ‘ദ് റേസ് ഓഫ് മൈ ലൈഫ്’ മിൽഖ സിങ്ങിന്റെ ആത്മകഥയാണ്. കഷ്‌ടപ്പാടുകളിൽനിന്നു കഠിനാധ്വാനത്തിലൂടെ ഉയർന്നുവന്ന ഇന്ത്യയുടെ എക്കാലത്തെയും പ്രിയപ്പെട്ട ഓട്ടക്കാരൻ മിൽഖാ സിങ്ങിന്റെ ജീവിതകഥ പറയുന്ന സിനിമയാണ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്‌ത ‘ഭാഗ് മിൽഖാ ഭാഗ്’. ‘പറക്കും സിഖ്’ എന്ന പേരിലാണ് മിൽഖ സിങ് അറിയപ്പെട്ടിരുന്നത്.

By Divya