കണ്ണൂര്‍:
പിണറായി വിജയനെയോ ഇ പി ജയരാജനെയോ വധിക്കണമെന്ന് കെ സുധാകരനടക്കമുള്ളവര്‍ തീരുമാനിച്ചിരുന്നെന്ന് സുധാകരന്റെ പഴയ ഡ്രൈവറും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രശാന്ത് ബാബു. റിപ്പോര്‍ട്ടര്‍ ടി വിയിലെ ചര്‍ച്ചയിലായിരുന്നു പ്രശാന്ത് ബാബുവിന്റെ പ്രതികരണം.
പിണറായി വിജയനെയോ ഇ പി ജയരാജനെയോ വധിക്കാനായിരുന്നു കെ സുധാകരന്റെ നിര്‍ദ്ദേശമെന്നും തന്നെപ്പോലെയുള്ള യുവാക്കളെയാണ് അന്ന് കെ സുധാകരന്‍ സ്വാധീനിച്ചതെന്നും പ്രശാന്ത് ബാബു പറഞ്ഞു. പേരാവൂര്‍ സംഭവത്തിന് പിന്നാലെ സിപിഐഎമ്മിന് ഒരു മറുപടി കൊടുക്കേണ്ടെ എന്ന് ചോദിച്ചത് ടി പി ഹരീന്ദ്രനാണെന്നും അന്ന് കെ സുധാകരനും ടി പി ഹരീന്ദ്രനും തനിക്കൊപ്പം ഉണ്ടായിരുന്നെന്നും പ്രശാന്ത് ബാബു പറഞ്ഞു.
സിപിഐഎമ്മിന്റെ ഏതെങ്കിലും ഒരു ഉന്നത നേതാവിനെ വധിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഒന്നെങ്കില്‍ ഇ പി ജയരാജന്‍ അല്ലെങ്കില്‍ പിണറായി വിജയന്‍ എന്നതായിരുന്നു അത്.
തന്നെ പോലുള്ള യുവാക്കളെയാണ് അന്ന് കെ സുധാകരന്‍ സ്വാധീനിച്ചത്. പ്രതികരിച്ചിരിക്കും എന്ന് അന്ന് കെ സുധാകരന്‍ പറഞ്ഞപ്പോള്‍ തനിക്കും ആവേശം വന്നു. താനാണ് അന്ന് ആദ്യത്തെ ബോംബെറിഞ്ഞത്.
അന്ന് കെ സുധാകരന്റെ ഒപ്പം പോയി കരിമ്പില്‍ കൃഷ്ണന്‍ പുല്ലില്‍ പൊതിഞ്ഞ ബോംബ് നല്‍കിയത് തന്റെ കൈയ്യിലാണ്. കെ സുധാകരന് ഒരു ജീപ്പേ ഉള്ളൂ. പൊട്ടിപ്പൊളിഞ്ഞ തളിപ്പറമ്പ് ഹൈവേയിലൂടെ ജീപ്പ് ഓടിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് പറഞ്ഞ സുധാകരന്റെ വാക്ക് അദ്ദേഹവുമായി ബന്ധമുണ്ടായിരുന്ന കാലംവരെ സൂക്ഷിച്ചിരുന്നെന്നും പ്രശാന്ത് ബാബു പറഞ്ഞു.
2012ല്‍ തന്നെ താനിതെല്ലാം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കരിമ്പില്‍ കൃഷ്ണനുനേരെ എന്ത് നടപടിയാണുണ്ടായത്. കോഴിക്കോട് വെച്ച് ടി പി ഹരീന്ദ്രനെ ചോദ്യം ചെയ്തെന്ന് പറയുന്നു. എന്നാല്‍ കരിമ്പില്‍ കൃഷ്ണനുനേരെയോ കെ സുധാകരന് നേരെയോ എന്ത് നടപടിയാണെടുത്തത് എന്നും പ്രശാന്ത് ബാബു ചോദിച്ചു.
ഇതെല്ലാം എവിടെയും തുറന്നുപറയാനും ആ കുറ്റത്തിന് ജയിലില്‍ പോകാന്‍ തയ്യാറാണെന്നും എന്നാല്‍ ആ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ തനിക്ക് പ്രേരണ നല്‍കിയ കെ സുധാകരനും ജയില്‍ പോകണമെന്നും പ്രശാന്ത് ബാബു ചര്‍ച്ചയില്‍ പറഞ്ഞു.