Wed. Nov 6th, 2024
Pinarayi Vijayan K Sudhakaran
തിരുവനന്തപുരം:

കെ സുധാകരനെ കടന്നാക്രമിച്ച് പിണറായി വിജയൻ രംഗത്തെത്തിയതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ കളമൊരുങ്ങുന്നത്  അസാധാരണമായ രാഷ്ട്രീയപ്പോരിന്. കോണ്‍ഗ്രസ് നേതാക്കളുടെ മുൻകാല പരാമർശങ്ങൾ അടക്കം മറയാക്കിയുള്ള വിമർശനങ്ങൾക്ക് നാളെ സുധാകരൻ എന്ത് മറുപടി പറയുമെന്നതിലാണ് ഇനി രാഷ്ട്രീയ കേരളത്തിന്‍റെ ആകാംക്ഷ. കേരള രാഷ്ട്രീയത്തിൽ പരിചിതമല്ലാത്ത വിധത്തിലാണ്  തലമുതിർന്ന രണ്ട് നേതാക്കളുടെ വാക് പോര്.

ബ്രണ്ണൻ കോളേജിൽ പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന സുധാകരന്‍റെ പരാമർശത്തോടെയാണ് പോര് തുടങ്ങുന്നത്. സുധാകരന്‍റെ പരാമർശം തള്ളി താനാണ് സുധാകരനെ നേരിട്ടതെന്നായിരുന്നു പിണറായിയുടെ മറുപടി. വിദ്യാർത്ഥി രാഷ്ട്രീയ നാളുകൾക്ക് ശേഷവും കലുഷിതമായ കണ്ണൂരിലെ സജീവ രാഷ്ട്രീയ കാലത്ത് തന്‍റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ വരെ സുധാകരൻ പദ്ധതിയിട്ടെന്ന് ഇതുവരെ പറയാത്ത ആരോപണം കൂടി പിണറായി ഉന്നയിച്ചതോടെ വിവാദം കൊഴുത്തു.

സുധാകരൻ കെപിസിസി അധ്യക്ഷനായത് മുതൽ പിണറായിക്കൊത്ത നേതാവെത്തി എന്ന നിലയിലായിരുന്നു അണികളുടെ പ്രചാരണം. സുധാകരന്‍റെ സ്ഥാനലബ്ധിയിൽ മുനവെച്ച് പ്രതികരിച്ച് തുടങ്ങിയ പിണറായി ഒടുവിൽ ഇന്ന് നടത്തിയത് ശക്തമായ കടന്നാക്രമണമായിരുന്നു. പിണറായി സുധാകരൻ കുഴിച്ച കുഴിയിൽ വീണെന്ന് ചിലർ വിലയിരുത്തുന്നു. പക്ഷെ കോൺഗ്രസ്സിനുള്ളിൽ തന്നെ സുധാകരന്‍റെ ശൈലിക്കെതിരെ മുറുമുറുപ്പുള്ളപ്പോൾ പിണറായി പ്രകടിപ്പിച്ചത് മികച്ച രാഷ്ട്രീയ ലൈനാണെന്നും അഭിപ്രായമുയരുന്നു.

പ്രത്യേകിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശനോട് മൃദുസമീപനം തുടരുന്ന പിണറായിയാണ് മുൻകാല ചരിത്രമടക്കം എണ്ണിപ്പറഞ്ഞ് സുധാകരൻ പാ‍ർട്ടി അധ്യക്ഷനാകാൻ പറ്റിയ ആളല്ലെന്ന് പറയുന്നത്. പിണറായിക്ക് പിന്തുണയുമായി ബ്രണ്ണനിലെ പഴയ ചെയർമാൻ എ കെ ബാലൻ രംഗത്തെത്തിക്കഴിഞ്ഞു. ഇനി കേരള രാഷ്ട്രീയത്തിന്‍റെ കണ്ണും കാതും നാളത്തെ സുധാകരന്‍റെ വാർത്താ സമ്മേളനത്തിലേക്കാണ്. സുധാകരന്‍റെ മറുപടിക്ക് തിരിച്ചടിയുമായി വീണ്ടും പിണറായി എത്തുമോ എന്നതടക്കം രാഷ്ട്രീയ ചർച്ചകൾ സജീവമാണ്.

By Divya