Mon. Dec 23rd, 2024
തിരുവനന്തപുരം:

കൊവിഡ് രോഗികളിൽ ആശുപത്രിയിൽ നിന്നുണ്ടാകുന്ന അണുബാധ കാരണമുള്ള മരണ നിരക്ക് കൂടുന്നതായി ചികിൽസിക്കുന്ന ഡോക്ടർമാർ. കൊവിഡ് ബാധിച്ച് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട് മരിക്കുന്ന 50 ശതമാനത്തിന് മുകളിൽ രോഗികളിൽ ഇത്തരം അണുബാധ മരണകാരണമാകുന്നു, ഐസിയു വെന്‍റിലേറ്റർ സംവിധാനം ഉപയോഗിച്ച് ദിവസങ്ങളോളം ആശുപത്രികളിൽ കിടക്കേണ്ടി വരുന്ന രോഗികളിലാണ് അണുബാധ വ്യാപകമായി കണ്ടു വരുന്നത്.

ആഴ്ചകളോളം ഐസിയു, വെന്‍റിലേറ്റർ തുടങ്ങിയ കൃത്രിമ യന്ത്രസംവിധാനത്തിന്‍റെ സഹായത്തോടെ ചികിൽസയിലിരിക്കുന്നവർക്കാണ് പ്രധാനമായും ഈ അണുബാധ കണ്ടു വരുന്നത്. ആശുപത്രികളിൽ നിന്ന് മാത്രമുണ്ടാകുന്ന ഈ അണുബാധ ആന്‍റിബയോട്ടിക്കുകളോട് പ്രതികരിക്കില്ല.

അതിനാൽ മരണം സംഭവിക്കുന്നു. ഒരു മഹാമാരി ഉണ്ടാകുമ്പോൾ രോഗികളുടെ എണ്ണം കൂടുകയും അണുബാധ നിയന്ത്രണ മാർഗങ്ങൾ താളം തെറ്റുകയും ചെയ്യുന്നത് സ്വാഭാവികമാണെന്ന് ഡോക്ടർമാർ പറയുന്നു.

കൊവിഡിന് ശേഷം വരുന്ന ഫംഗസ് ബാധയെ കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ആശുപത്രികളിൽ നിന്നുണ്ടാകുന്ന ബാക്ടീരിയൽ അണുബാധയെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. കൊവിഡ് ബാധിച്ച എത്ര രോഗികൾ അണുബാധ കാരണം മരിച്ചുവെന്ന കണക്ക് സർക്കാരുകളുടെ കയ്യിലില്ല.

എന്നാലിത് പുതിയ അസുഖമല്ലെന്നും കുറേക്കാലം ഐസിയുവിലും വെന്‍റിലേറ്ററിലും കൃത്രിമ സഹായം വേണ്ടി വരുന്ന എല്ലാതരം രോഗികളിലും ഇത്തരം അണുബാധ കണ്ടുവരാറുണ്ടെന്നും ഡോക്ടർമാർ പറയുന്നു.

By Divya