Wed. Jan 22nd, 2025
ജയ്പൂര്‍:

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന്റെ വിമതനീക്കത്തിന് പിന്നാലെ അശോക് ഗെലോട്ടിന് തലവേദനയായി ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന എംഎല്‍എമാര്‍. ഗെലോട്ട് മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണമെന്ന് ഇവര്‍ ആവശ്യം ഉന്നയിച്ചതായാണ് സൂചന.
കഴിഞ്ഞ വര്‍ഷം പൈലറ്റിന്റെ വിമതനീക്കത്തിനിടെ ഗെലോട്ട് സര്‍ക്കാരിന് ബിഎസ്പി എംഎല്‍എമാരായ സന്ദീപ് യാദവിന്റെ നേതൃത്വത്തില്‍ പിന്തുണ നല്‍കിയിരുന്നു. ഇതിന് പിന്നാലെ ആറ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.

അതേസമയം മന്ത്രിസഭാ പുനസംഘടന ഉചിതസമയത്ത് നടക്കുമെന്നാണ് സന്ദീപ് യാദവിന്റെ പ്രതികരണം. രാജസ്ഥാനിലെ ഗെലോട്ട് സര്‍ക്കാരിനെതിരായ പോര് പൈലറ്റ് വീണ്ടും ആരംഭിക്കുന്നതായാണ് വിവരം. തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു വര്‍ഷത്തോളമായിട്ടും നേതൃത്വം തയ്യാറായിട്ടില്ലെന്നാണ് പൈലറ്റ് പക്ഷത്തുള്ളവര്‍ പറയുന്നത്.

ഇതിന്റെ തുടര്‍ച്ചയെന്നോണം സ്പീക്കര്‍ സ്ഥാനത്ത് നിന്ന് ഹേമറാം ചൗധരി രാജിവെച്ചിരുന്നു. കഴിഞ്ഞ ജൂലൈയില്‍ പൈലറ്റ് നടത്തിയ വിമത നീക്കത്തിലുള്‍പ്പെട്ട 19 എംഎല്‍എമാരില്‍ ഒരാളാണ് ചൗധരി. വിമത എം എല്‍ എമാരുടെ മണ്ഡലങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നില്ല എന്ന ആരോപണവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ അതിരൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുകയും സച്ചിനും സംഘവും കോണ്‍ഗ്രസ് വിടുകയും ചെയ്തിരുന്നു.

മധ്യപ്രദേശിലെ യുവനേതാവും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരിലൊരാളുമായ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതിന് പിന്നാലെയായിരുന്നു പൈലറ്റിന്റെ വിമതനീക്കം.
സിന്ധ്യയുടെ വഴി തന്നെ സച്ചിനും പിന്തുടരും എന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതൃത്വം സച്ചിനുമായി ചര്‍ച്ച നടത്തുകയും ഗെലോട്ടിന്റെ ഇഷ്ടക്കേടിന് മുഖം കൊടുക്കാതെ സച്ചിനെ തിരിച്ചുവിളിക്കുകയും ആയിരുന്നു.

By Divya