Mon. Nov 25th, 2024
കൊടകര:

കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ധര്‍മരാജന്‍ ഇന്ന് രേഖകള്‍ ഹാജരാക്കും. ബിസിനസ് സംബന്ധമായ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. സപ്ലൈകോയുടെ കോഴിക്കോട്ടെ വിതരണക്കാരനാണെന്നും പഴം, പച്ചക്കറി മൊത്ത കച്ചവടക്കാരനാണ് താണെന്നുമാണ് ധര്‍മരാജന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്.

ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്ന പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് ധര്‍മരാജന്‍ കോടതിയില്‍ അറിയിച്ചത്. എന്നാല്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച് കൃത്യമായ രേഖകള്‍ ഇതുവരെ ധര്‍മ രാജന്‍ ഹാജരാക്കിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിസിനസ് രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

മൊഴികളിലെ വൈരുധ്യം കണക്കിലെടുത്ത് ധര്‍മരാജനെ വീണ്ടും ചോദ്യം ചെയ്യും. അതേസമയം കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേതാണെന്നും രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ തന്നെ വാടകസംഘത്തെ ഉപയോഗിച്ചു പണം തട്ടിയെടുക്കുകയായിരുന്നുവെന്നും തങ്ങള്‍ക്ക് പങ്കില്ലെന്നുമായിരുന്നു പ്രതികളുടെ ജാമ്യപേക്ഷയിലെ വാദം.

ഇതിനിടെ കവര്‍ച്ച തുകയില്‍ ബാക്കി പണം കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ജയിലിലെത്തി മുഖ്യപ്രതികളില്‍ ആറ് പേരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള കാലാവധി കഴിഞ്ഞതിനാലാണ് ജയിലിലെത്തിയുള്ള ചോദ്യം ചെയ്യല്‍.

By Divya