Mon. Dec 23rd, 2024
തൃശൂർ:

കൊടകരയിലെ 3.5 കോടിയുടെ കുഴൽപണക്കേസിൽ തങ്ങൾക്കു പങ്കില്ലെന്നും ബിജെപിക്കാർ കൊണ്ടുവന്ന പണം പാർട്ടിക്കാർ തന്നെ വാടകസംഘത്തെ ഉപയോഗിച്ചു തട്ടിയെടുക്കുകയായിരുന്നുവെന്നും പ്രതികൾ കോടതിയിൽ മൊഴി നൽകി. കേസിലെ 10 പ്രതികൾ തൃശൂർ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഈ വാദം ഉന്നയിച്ചത്. തങ്ങൾ നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.‌

ഏപ്രിൽ മൂന്നിനു പുലർച്ചെ 4.30 ന് കൊടകരയിൽ കൊള്ളയടിക്കപ്പെട്ട പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനാലും പണം കണ്ടെടുക്കാനുള്ളതിനാലും ജാമ്യം അനുവദിക്കരുതെന്നു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെഡി ബാബു വാദിച്ചു. പ്രതികൾക്കു ഭീഷണിയുണ്ടെന്നും ഇവർ പുറത്തിറങ്ങിയാൽ കേസ് അട്ടിമറിക്കുമെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. ഇതംഗീകരിച്ചാണു സെഷൻസ് ജ‍ഡ‍്ജി ഡി. അജിത്കുമാർ ഹർജി തള്ളിയത്.

അതിനിടെ, അന്വേഷണ സംഘത്തിനെതിരെ  വ്യാജപ്രചാരണം നടത്തിയതിന് സ്പെഷൽ ബ്രാഞ്ച് എഎസ്ഐ പിവി സുഭാഷിനെ മണ്ണുത്തി സ്റ്റേഷനിലേക്കു സ്ഥലം മാറ്റി. അന്വേഷണ സംഘത്തിലെ 2 ‌ഉദ്യോഗസ്ഥർ ബിജെപി നേതാക്കൾക്ക് വിവരങ്ങൾ ചോർത്തി നൽകുന്നുവെന്നായിരുന്നു പ്രചാരണം.

By Divya