വാഷിങ്ടൺ:
ആഗോള കോർപറേറ്റ് ഭീമൻമാരായ മൈക്രോസോഫ്റ്റ് കോർപറേഷന്‍റെ പുതിയ ചെയർമാനായി സത്യനദെല്ലയെ തിരഞ്ഞെടുത്തു. 2014 മുതൽ മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാണ് അദ്ദേഹം.
ജോൺ തോംസന്റെ പിൻഗാമിയായാണ് സത്യ നദെല്ല ചെയർമാൻ പദവിയിലെത്തുക. നിലവിലെ ചെയർമാൻ ജോൺ തോംസണെ ലീസ് ഇൻഡിപെൻഡന്‍റ് ഡയറക്ടറായും കമ്പനി നിയമിച്ചു. 2014ലാണ് സത്യ നദെല്ല സിഇഒയായി ചുമതലയേൽക്കുന്നത്. സ്റ്റീവ് ബാൾമറിന് ശേഷമാണ് നദെല്ല സിഇഒയാകുന്നത്.
ലിങ്ക്ഡ് ഇൻ, നുവാൻസ് കമ്യൂണിക്കേഷൻസ്, സെനിമാക്സ് തുടങ്ങിയ കോടികളുടെ ഏറ്റെടുക്കലിനും ബിസിനസ് വിപുലീകരണത്തിനും നിർണായക പങ്ക് വഹിച്ചിരുന്നു. മൈക്രോസോഫ്റ്റ് ബോർഡിൽനിന്ന് സ്ഥാപകൻ കൂടിയായ ബിൽ ഗേറ്റ്സ് പടിയിറങ്ങിയതിന് പിന്നാലെയാണ് കമ്പനിയുടെ പുതിയ തലമാറ്റം.