Wed. Nov 6th, 2024
ന്യൂഡല്‍ഹി:

അയോധ്യ രാമജന്മ ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ രാമക്ഷേത്ര ട്രസ്റ്റിന് പിന്തുണയുമായി വിശ്വഹിന്ദു പരിഷത്ത്. ആരോപണങ്ങള്‍ നുണക്കഥകളാണെന്നും തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു.

ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ബാങ്കുകള്‍ വഴിയാണ് നടന്നതെന്നും ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട കരാറുകള് സുതാര്യമാണെന്നും അലോക് കുമാര്‍ പറഞ്ഞു.
വിവിധ പാര്‍ട്ടികള്‍ വിവാദം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ ക്ഷേത്ര ട്രസ്റ്റിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും വിഎച്ച്പി വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ഇത്തരം വിവാദമെന്നും വിഎച്ച്പി പറഞ്ഞു. രാമക്ഷേത്രത്തിന്‍റെ പേരില്‍ കോടികളുടെ ഭൂമി തട്ടിപ്പ് നടന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച രാമക്ഷേത്ര ട്രസ്റ്റ് ക്ഷേത്രത്തിനായി ഭൂമി വാങ്ങിയതില്‍ വന്‍ തട്ടിപ്പ് നടത്തിയെന്നാണ് എസ് പിയും എ എ പിയും ആരോപിക്കുന്നത്.

മാര്‍ച്ച് 18ന് ഒരു വ്യക്തിയില്‍ നിന്ന് രണ്ട് കോടി രൂപയ്ക്ക് വാങ്ങിയ 1.208 ഹെക്ടര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ രാമജന്മഭൂമി ട്രസ്റ്റിന് 18.5 കോടിക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം.
രണ്ട് ഇടപാടുകള്‍ക്കിടയിലെ സമയം 10 മിനിറ്റില്‍ താഴെയാണ്. ഈ കുറഞ്ഞ സമയത്തിനിടെ ഭൂമിയുടെ വില എങ്ങനെയാണ് അനേകം ഇരട്ടിയായി വര്‍ധിച്ചതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വിശദീകരിക്കണമെന്ന് മുന്‍ മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ പവന്‍ പാണ്ഡെ ആവശ്യപ്പെട്ടു.

ബാബാ ഹരിദാസ് എന്നയാളുടെ ഭൂമിയാണ് രവി മോഹന്‍ തിവാരി, സുല്‍ത്താന്‍ അന്‍സാരി എന്നിവര്‍ക്ക് വില്‍പന നടത്തിയത്. ഇവരില്‍ നിന്നാണ് ട്രസ്റ്റ് ഭൂമി ഏറ്റെടുത്തത്. ക്ഷേത്ര നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത് ഈ ട്രസ്റ്റാണ്. 70 ഏക്കര്‍ ഭൂമിയാണ് ക്ഷേത്രത്തിനായി അനുവദിച്ചിട്ടുള്ളത്. 15 അംഗ സമിതിയില്‍ 12 പേരും കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തവരാണ്.

ആം ആദ്മി പാര്‍ട്ടി എം പി സഞ്ജയ് സിങ്ങും ട്രസ്റ്റിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാട് ഉള്‍പ്പെടെ സംശയിക്കണമെന്നും സംഭവം സി ബി ഐയും ഇ ഡിയും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

By Divya