Wed. Jan 22nd, 2025
തിരുവനന്തപുരം:

വിവാദ മരംമുറി ഉത്തരവ് സദുദ്ദേശ്യത്തോടെ ആണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആ ഉത്തരവിനു പിറകിലെ ഗൂഢസംഘത്തെ സംരക്ഷിക്കാൻ ആണെന്നു പ്രതിപക്ഷ നേതാവ് വിഡിസതീശൻ ആരോപിച്ചു.

എട്ടു ജില്ലകളിലായി കേരളം കണ്ട ഏറ്റവും വലിയ വനം കൊള്ളയാണു നടന്നത്. രണ്ടു വകുപ്പുകളും വകുപ്പു മന്ത്രിമാരും യോഗം ചേർന്ന് എടുത്ത തീരുമാനത്തിന്റെ ഭാഗമായി ഉണ്ടായ ഉത്തരവ് മുഖ്യമന്ത്രി കണ്ടിട്ടുണ്ടോ, മന്ത്രിസഭയുടെയും എൽഡിഎഫിന്റെയും അനുമതി ലഭിച്ചോ എന്നീ കാര്യങ്ങൾ വ്യക്തമാക്കണം.

1964 ലെയും 2005 ലെയും നിയമങ്ങൾ വളച്ചൊടിച്ചും പ്രധാന ഭാഗങ്ങൾ മറച്ചുവച്ചുമാണ് ഉത്തരവ് ഇറക്കിയത്. വനം, റവന്യു മന്ത്രിമാർ കാര്യങ്ങൾ മറച്ചുവയ്ക്കുകയാണ്. കർഷകരെ സഹായിക്കാനാവശ്യമായ രീതിയിൽ ഉത്തരവു പുതുക്കുമെന്ന പ്രഖ്യാപനം കാപട്യമാണ്. കർഷകരെ മുന്നിൽ നിർത്തി വനം മാഫിയയെ സംരക്ഷിക്കാനുള്ള ശ്രമമാണു നടന്നത്.

പ്രതിപക്ഷ നേതാവിന്റെയും ഉപ നേതാവിന്റെയും നേതൃത്വത്തിലുള്ള യുഡിഎഫ് പ്രതിനിധി സംഘം 17 ന് വയനാട് സന്ദർശിക്കും. ടിഎൻപ്രതാപൻ എംപിയുടെ നേതൃത്വത്തിൽ തൃശൂർ, പാലക്കാട് ജില്ലകളിലും ബെന്നി ബഹനാൻ എംപിയുടെ നേതൃത്വത്തിൽ എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും യുഡിഎഫ് സംഘം സന്ദർശനം നടത്തും.

കാര്യങ്ങൾ വിശദമായി പഠിച്ചു റിപ്പോർട്ട് നൽകാൻ പരിസ്ഥിതി-വനം സംരക്ഷണ പ്രവർത്തകരെയും അഭിഭാഷകരെയും ഉൾപ്പെടുത്തി അന്വേഷണ സംഘം രൂപീകരിക്കുമെന്നും സതീശൻ അറിയിച്ചു.

By Divya