തൃശ്ശൂർ:
കൊടകര കുഴൽപണ കേസിൽ ബിജെപിയെ കുരുക്കിലാക്കി പൊലീസ് റിപ്പോർട്ട്. കവർച്ചാ പണം ബിജെപിയുടേതാണെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ബിജെപിയുടെ നേതാക്കൾ പറഞ്ഞപ്രകാരം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച ഹവാല പണം ആണിതെന്നും റിപ്പോർട്ടിൽ പറയുന്നു. പണം തിരിച്ചുകിട്ടണമെന്ന ധർമരാജന്റെ ഹർജിയിൽ ഇരുപത്തിമൂന്നിന് കോടതി തീരുമാനം പറയും.
കൊടകരയിൽ കവർച്ചാ സംഘം തട്ടിയെടുത്ത ഹവാലപ്പണം ബിജെപി നേതാക്കൾ പറഞ്ഞപ്രകാരം ആലപ്പുഴയിലെ ജില്ലാ ട്രഷറർക്കു നൽകാനാണ് കൊണ്ടുവന്നതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് ഒരു മാസത്തിനിടെ ധർമരാജൻ ഹവാലപ്പണം കർണാടകത്തിൽ നിന്ന് കൊണ്ടുവന്നതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.
രണ്ടു ലക്ഷം രൂപ മാത്രം കൈവശം വയ്ക്കാനാണ് ചട്ടപ്രകാരം അനുമതി. പക്ഷേ, ധർമരാജൻറെ ഡ്രൈവർ ഷംജീറിന്റെ കൈവശം മൂന്നരക്കോടി രൂപയുണ്ടായിരുന്നു. പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്നതൊന്നും ഇതുവരെ ധർമരാജൻ കാണിച്ചിട്ടില്ല. പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന രേഖകൾ ധർമരാജൻ സമർപ്പിച്ചാൽതന്നെ അത് പുനപരിശോധിക്കണമെന്നും പൊലീസ് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
കൊടകരയിൽ നഷ്ടപ്പെട്ട പണം ബിജെപിയുടേതല്ലെന്ന് നേതാക്കൾ ആവർത്തിക്കുമ്പോഴാണ് ഇതു ശരിയല്ലെന്ന് വ്യക്തമാക്കുന്ന പൊലീസ് റിപ്പോർട്ട്. ഒരു കോടി നാൽപതു ലക്ഷം രൂപ ഇതിനോടകം കണ്ടെടുത്തു. ബാക്കിയുള്ള പണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു.