Mon. Dec 23rd, 2024
യുകെ:

യുകെയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം മാറ്റി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദം അതിവേഗം പടരുകയാണ്. ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കിയാല്‍ ആയിരങ്ങള്‍ മരിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. കൊവിഡ് ബാധിച്ച, വാക്സിന്‍ സ്വീകരിക്കാത്തവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ട്. അതിനാലാണ് നിയന്ത്രണങ്ങള്‍ ഒരു മാസത്തേക്ക് നീട്ടിയത്.

വാക്സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കാന്‍ ഈ സമയം ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ലോകരാജ്യങ്ങളുടെ കണക്കെടുത്താല്‍ യു.കെ കൊവിഡ് വാക്സിനേഷനില്‍ വളരെ മുന്‍പിലാണ്. ജനസംഖ്യയുടെ മൂന്നിൽ രണ്ട് വിഭാഗത്തിനും ജൂലൈ 19നകം രണ്ട് ഡോസ് വാക്സിനും നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജൂണ്‍ 21ന് നിയന്ത്രണങ്ങള്‍ നീക്കാമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, രോഗികളുടെ എണ്ണം കൂടിയാല്‍ ആശുപത്രികള്‍ക്ക് താങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു. ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ, ഇംപീരിയൽ കോളജ്, വാർ‌വിക് സർവകലാശാല എന്നിവയാണ് ഡെല്‍റ്റ വ്യാപനം തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്.

നിയന്ത്രണങ്ങള്‍ തുടരുന്നത് ഡെല്‍റ്റ വ്യാപനം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഇവര്‍ റിപ്പോര്‍ട്ട് നല്‍കി. ജൂലൈ 19ഓടെ നിയന്ത്രണങ്ങള്‍ നീക്കാന്‍ കഴിയുന്ന വിധത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

ഏറ്റവും വേഗത്തില്‍ വാക്സിനേഷന്‍ നടക്കുന്ന രാജ്യമായിട്ടും എന്തിന് നിയന്ത്രണങ്ങള്‍ തുടരുന്നു എന്ന ചോദ്യവും യുകെയില്‍ ഉയരുന്നുണ്ട്. വാക്‌സിന്‍ 100 ശതമാനം വൈറസിനെ പ്രതിരോധിക്കുമെന്ന് കരുതാനാവില്ലെന്നാണ് പകര്‍ച്ചവ്യാധി വിദഗ്ദ്ധ ആനി കോറി പറയുന്നത്.

മറ്റ് പ്രതിരോധ മാര്‍ഗങ്ങളും ആവശ്യമാണ്. വാക്സിനേഷന്‍ ഇത്രയും പുരോഗമിച്ചിട്ടില്ലായിരുന്നെങ്കില്‍ സമ്പൂര്‍ണ ലോക്ക്ഡൌണിലേക്ക്പോകേണ്ടിവരുമായിരുന്നുവെന്നും ആനി കോറി പറയുന്നു.

By Divya