Sat. Apr 20th, 2024
തിരുവനന്തപുരം:

മുട്ടിൽ മരം മുറിക്കേസിൽ സർക്കാരിന് ഒന്നും ഭയക്കാനില്ലെന്ന് വ്യക്തമാക്കി റവന്യു മന്ത്രി കെ രാജൻ. സര്‍ക്കാരിന്റെ ഒരു കഷ്ണം തടി പോലും നഷ്ടമായിട്ടില്ല. നഷ്ടപ്പെടാൻ അനുവദിക്കുകയും ഇല്ല. സർക്കാർ നിലപാട് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിട്ടില്ല.

പാര്‍ട്ടി നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറയുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. പാർട്ടി ഓഫീസിൽ എപ്പോഴും പോകുന്നതാണ്. എംഎൻ സ്മാരകത്തിൽ കഴിഞ്ഞ ദിവസം പോയത് പതിവ് പ്രകാരം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

മരം മുറി വിവാദവുമായി ബന്ധപ്പെട്ട് പറയേണ്ടതെല്ലാം സര്‍ക്കാര്‍ പറഞ്ഞുകഴിഞ്ഞെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം. വനം കൊള്ളക്കാരെ സംരക്ഷിക്കുന്ന നടപടി എൽഡിഎഫ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ല. വിവാദമോ പ്രതിസന്ധിയോ ഇക്കാര്യത്തിൽ ഇല്ല.  ആരോ സൃഷ്‌ടിച്ച  പുകമറ മാത്രമാണ് മുട്ടിൽ മരംമുറി വിവാദമെന്നും ബിനോയ് വിശ്വം വിശദീകരിച്ചു.

മരം കൊള്ള കേസിൽ  കുറ്റക്കാരായവർ ശിക്ഷിക്കപ്പെടണമെന്ന്  ജോസ് കെ മാണി പറഞ്ഞു.  ആരായാലും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യാൻ പാടില്ല.  കർഷകരുടെ അവകാശം സംരക്ഷിച്ച് കൊണ്ടുള്ള തീരുമാനമാണ് വേണ്ടതെന്നും ജോസ് കെ മാണി കോട്ടയത്ത് നിലപാടെടുത്തു.

അതിനിടെ പ്രതിപക്ഷവും ബിജെപിയും സര്‍ക്കാനിരെനിരെ നിലപാട് കടുപ്പിക്കുകയാണ്.  മുട്ടിൽ മരംമുറിക്കേസിന് പിന്നിലും സര്‍ക്കാര്‍ ഉത്തരവിന്റെ പുറകിലും ഇനിയും പുറത്ത് വരാത്ത വലിയ വാര്‍ത്തകളുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

സി പി ഐ വനം വകുപ്പ് ഒഴിവാക്കിയതിന് മരംകൊള്ളയുമായി ബന്ധമുണ്ടെന്ന് സംശയമുണ്ട്. സിപിഐ വനം വകുപ്പ് വിട്ടതിൽ പന്തികേട് തോന്നുന്നു. യുഡിഎഫ് വിഷയം ഗൗരവമായാണ് എടുക്കുന്നതെന്നും രാഷ്ട്രീയമായി മുന്നോട്ട് പോകുമെന്നും പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

By Divya