Sat. Apr 20th, 2024
തിരുവനന്തപുരം:

ലോക്ഡൗൺ നാളെ അർധരാത്രി അവസാനിച്ചശേഷമുള്ള നിയന്ത്രണങ്ങൾ കൊവിഡ് വ്യാപനത്തിന്റെ തീവ്രത അനുസരിച്ചു മേഖല തിരിച്ചായിരിക്കും. ഇന്ന് അന്തിമ തീരുമാനമെടുക്കും. സംസ്ഥാനമാകെ ഒരേ നിയന്ത്രണങ്ങളും പരിശോധനയും നടപ്പാക്കുന്നതിനു പകരമാകും പുതിയ സംവിധാനം.

തദ്ദേശ സ്ഥാപനങ്ങളെ കൊവിഡ് വ്യാപനത്തിന്റെ തോതു കണക്കാക്കി തരംതിരിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) ഇപ്പോഴും 35 ശതമാനത്തിൽ കൂടുതലുള്ള 14 തദ്ദേശസ്ഥാപനങ്ങളുണ്ട്. 28– 35 % ടിപിആർ ഉള്ള 37 സ്ഥലങ്ങളും 21– 28 % ഉള്ള 127 സ്ഥലങ്ങളുമുണ്ട്. ടിപിആർ കൂടുതലുള്ള ജില്ലകളിലെ തന്നെ ചില മേഖലകളിൽ അതു കുറവാണ്. ഇതെല്ലാം പരിഗണിച്ചുള്ള സമീപനം സ്വീകരിക്കാൻ വിദഗ്ധാഭിപ്രായം തേടിയിട്ടുണ്ട്.

കഴിഞ്ഞ 3 ദിവസത്തെ ശരാശരി ടിപിആർ 12.7 ശതമാനമാണ്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ ടിപിആർ 15 ശതമാനത്തിൽ താഴെയെത്തി; ആലപ്പുഴയും കോഴിക്കോട്ടും പത്തിൽ താഴെയാണ്. കഴിഞ്ഞ ഒരാഴ്ച ടിപിആറിൽ 10% കുറവുണ്ടായി. കേസുകൾ 20 % കുറഞ്ഞു.

പരിശോധനയുടെയും നിരീക്ഷണത്തിന്റെയും പ്രാധാന്യം വിശദീകരിച്ചു പുതിയ ക്യാംപെയ്ൻ ആലോചിക്കും. വീടുകളിൽനിന്നാണു കൂടുതലായി കൊവിഡ് പകരുന്നത് എന്നതിനാൽ ഇതു തടയാനുള്ള മാർഗങ്ങളും നടപ്പാക്കും.

By Divya