Fri. Nov 22nd, 2024
ന്യൂഡൽഹി:

അയോധ്യയില്‍ രാമക്ഷേത്ര ഭൂമിയിടപാടില്‍ അഴിമതി ആരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ശ്രീരാമന്റെ പേരിലുള്ള വഞ്ചന അന്യായമാണെന്ന് രാഹുല്‍ഗാന്ധി പ്രതികരിച്ചു. നീതി, സത്യം, വിശ്വാസം എന്നിവയുടെ പ്രതിരൂപമാണ് ശ്രീരാമന്‍.

അദ്ദേഹത്തിന്റെ പേരിലുള്ള ചതി പൊറുക്കാനാകാത്തതാണ്-രാഹുല്‍ ട്വീറ്റ് ചെയ്തു. 2 കോടി വിലയുള്ള ഭൂമി ഇടനിലക്കാരില്‍ നിന്ന് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് 18 കോടി രൂപക്ക് വാങ്ങിയെന്ന് കോണ്‍ഗ്രസും ആരോപിച്ചു.

അയോധ്യ രാമക്ഷേത്ര ഭൂമിയിടപാടില്‍ അഴിമതി ആരോപണം തള്ളി ട്രസ്റ്റ് രംഗത്തെത്തി. ഭൂമിയിടപാട് നടന്നത് സുതാര്യവും നടപടിക്രമങ്ങള്‍ പാലിച്ചുമാണെന്ന് അയോധ്യ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായി വ്യക്തമാക്കി. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയതെന്നും എല്ലാ നടപടിക്രമങ്ങളും ഇക്കാര്യത്തില്‍ പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് സമാജ് വാദി, എഎപി പാര്‍ട്ടികള്‍ അയോധ്യ ഭൂമിയിടപാടില്‍ അഴിമതി ആരോപിച്ച് രംഗത്തെത്തിയത്. 2 കോടി വിലയുള്ള ഭൂമി വാങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ 18 കോടിക്ക് ക്ഷേത്ര ട്രസ്റ്റിന് കൈമാറിയെന്നായിരുന്നു ആരോപണം. നടന്ന രണ്ട് ഇടപാടുകള്‍ക്കും ട്രസ്റ്റിലെ അംഗം സാക്ഷിയായിരുന്നെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

By Divya