ടെൽഅവീവ്:
രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞു വരുന്നതിനാൽ വീടിനുള്ളിൽ പ്രവേശിക്കുമ്പോൾ മാക്സ് ധരിക്കണമെന്ന ഉത്തരവ് ഇസ്രായേൽ പിൻവലിച്ചു. ഇന്ന് മുതൽ പുതിയ തീരുമാനം നിലവിൽ വരും. ഇതോടെ ഇസ്രായേലിൽ കൊവിഡ് വ്യാപന സാഹചര്യത്തിൽ നടപ്പാക്കിയ നിയന്ത്രണങ്ങളിൽ അവശേഷിക്കുന്നതും ആരോഗ്യ മന്ത്രാലയം പിൻവലിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
അതേസമയം, കൊവിഡ് വ്യാപനം ചെറുക്കാൻ ചില പ്രത്യേക വിഭാഗം ആളുകൾ മാസ്ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങളിലെ വാക്സിനേഷൻ എടുത്തിട്ടില്ലാത്ത തൊഴിലാളികളും അതിഥികളും, ദീർഘകാല പരിചരണം വേണ്ടവർ അല്ലെങ്കിൽ പ്രായമായവർക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ, കപ്പലിനുള്ളിൽ പ്രവേശിക്കുന്നവർ, വിമാന യാത്രക്കാർ എന്നിവരാണ് മാക്സ് ധരിക്കേണ്ടത്.
രോഗവ്യാപനം കുറയുന്നത് തുടരുകയും ജൂൺ 13ന് ആരംഭിച്ച 12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്നത് വിജയിക്കുകയും ചെയ്താൽ, സ്കൂളുകളിലും മാസ്ക് ഉപേക്ഷിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
12നും 15നും ഇടയിൽ പ്രായമുള്ള 600,000 കുട്ടികൾക്ക് വാക്സിൻ നൽകാനാണ് ഇസ്രായേൽ പദ്ധതി. മുതിർന്നവർക്കായി ഇസ്രായേൽ വാക്സിനേഷൻ യജ്ഞം ആരംഭിച്ച് ആറു മാസത്തിന് ശേഷമാണ് യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ 12നും 15നും ഇടയിലുള്ളവർക്ക് ഫൈസർ-ബയോടെക് വാക്സിൻ നൽകിയത്.
വൈറസ് ബാധ ഏറ്റവും ഉയർന്ന സമയത്ത് രാജ്യത്ത് 88,000 സജീവ കേസുകളും 1,228 ഗുരുതര കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, കഴിഞ്ഞ തിങ്കളാഴ്ച വരെ 212 സജീവ കേസുകളും 29 ഗുരുതര കേസുകളുമാണ് റിപ്പോർട്ട് ചെയ്തതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ ചൂണ്ടിക്കാട്ടുന്നു.