Wed. Jan 22nd, 2025
തിരുവനന്തപുരം:

പാർട്ടി ആസ്ഥാനത്തേക്കു മുൻ മന്ത്രിമാരെ വിളിച്ചു വരുത്തി മരംവെട്ട് കേസിൽ സിപിഐയുടെ പരിശോധന. ഇതു സംബന്ധിച്ച ഫയലുകൾ അടക്കം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിലയി‍രുത്തി. മുൻ മന്ത്രിമാർക്കോ പാർട്ടിക്കോ തെറ്റു പറ്റിയിട്ടില്ലെന്നും അവരെ സംരക്ഷിക്കുമെന്നുമുള്ള സൂചനയാണ് ചർച്ചയ്ക്കു ശേഷം നേതൃത്വം നൽകിയത്.

എന്നാൽ, പരസ്യ പ്രതികരണത്തിനു കാനം തയാറായില്ല. എല്ലാം സർക്കാർ വ്യക്തമാക്കും എന്നായിരുന്നു രാവിലെ മറുപടി. തുടർന്ന് മൂന്നരയോടെ ആരംഭിച്ച് 2 മണിക്കൂ‍ർ നീണ്ട അവലോകനത്തിൽ റവന്യു മന്ത്രി കെരാജൻ, മുൻ റവന്യു മന്ത്രി ഇചന്ദ്രശേഖരൻ, മുൻ വനം മന്ത്രി കെരാജു, സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എന്നിവർ പങ്കെടുത്തു.

ഫയലുകളുമായി റവന്യു മന്ത്രിയുടെ ഓഫിസിലെ പ്രധാനികളും പാർട്ടി ആസ്ഥാനത്ത് എത്തി. കർഷകരുടെ ആവശ്യം കണക്കിലെടുത്ത് ഉത്തരവ് പുതുക്കി ഇറക്കാൻ മന്ത്രി കെ രാജനു പാർട്ടി അനുമതി നൽകി. വിവാദത്തിന്റെ പേരിൽ അവരെ സഹായിക്കുന്നതിൽനിന്നു പിന്നോട്ടു പോകേണ്ടെന്നു തീരുമാനിച്ചു.

വിവിധ പ്രദേശങ്ങളിൽ, വിവിധ ഘട്ടങ്ങളിലായി നടന്ന 10 സർവകക്ഷി യോഗങ്ങളിൽ ഉയർന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടയഭൂമിയിൽ മരം മുറിക്കാനുള്ള ഉത്തരവ് ഇറക്കിയതെന്ന് ഇ ചന്ദ്രശേഖരൻ യോഗത്തിൽ ചൂണ്ടിക്കാട്ടി. ആകെ 10 തരം പട്ടയങ്ങൾ ഉള്ളതിൽ 1964 ലെ ഭൂ പതിവ് ചട്ട പ്രകാരമുള്ള പട്ടയങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്ഥലത്തെ മാത്രം മരം മുറിക്കാനാണ് അനുവദിച്ചത്. എന്നാൽ, ഇതിന്റെ പേരിൽ മറ്റു പട്ടയ ഭൂമിയിലും കയറി മരം വെട്ടി. അങ്ങനെ വെട്ടിയ തടിക്ക് വനം വകുപ്പ് പാസ് നിഷേധിച്ചെന്ന് മുൻമന്ത്രി കെരാജു പറഞ്ഞു.

വയനാട്ടിലെ പാർട്ടിക്കാരനായ സർക്കാർ പ്ലീഡർ തന്നെയാണ് ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യുന്നത് മന്ത്രിയുടെയും പാർട്ടിയുടെയും ശ്രദ്ധയിൽ ആദ്യം പെടുത്തിയത്. തുടർന്നു നടത്തിയ പരിശോധനയിൽ റദ്ദാക്കുകയും ചെയ്തു. അല്ലാതെ ഏതു ഭൂമിയിലും കയറി മരം വെട്ടാൻ സിപിഐയോ പാർട്ടിയുടെ റവന്യു മന്ത്രിയോ അനുമതി നൽകിയിട്ടില്ലെന്ന വിലയിരുത്തലാണ് യോഗത്തിൽ ഉണ്ടായത്.

By Divya