Tue. Nov 5th, 2024
തൃശ്ശൂ‌ർ:

മരം മുറിക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം തൃശ്ശൂരിൽ നടക്കും. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ പതിനൊന്ന് മണിക്ക് പൊലീസ് അക്കാദമിയിലാണ് യോഗം. പ്രതിച്ഛായക്ക് കളങ്കമേൽപ്പിച്ച കേസിൽ പഴുതടച്ച അന്വേഷണത്തിനാണ് സർക്കാർ തീരുമാനം. എല്ലാ കേസുകളിലും കൂടുതൽ വകുപ്പുകൾ ചുമത്താനാണ് ആലോചന.

മുട്ടിൽ മരം കൊള്ളയിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരി​ഗണിക്കും. പ്രതികളായ ആന്‍റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരാണ് മുൻകൂർ ജാമ്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

വനം വകുപ്പുദ്യോഗസ്ഥരിൽ നിന്നും അനുമതി വാങ്ങിയതിനു ശേഷമാണ് മരം മുറിച്ചതെന്നും, വിവരങ്ങൾ റവന്യു ഉദ്യോഗസ്ഥരെയും കൽപ്പറ്റ കോടതിയെയും അറിയിച്ചിരുന്നുവെന്നുമാണ് ഹർജിയിൽ പ്രതികളുടെ വാദം. വില്ലേജ് ഓഫീസറുടെ അനുമതിയും ലഭിച്ചിരുന്നതായും ജാമ്യാപേക്ഷയിൽ പറയുന്നു.

ഈ സാഹചര്യത്തിൽ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ നൽകിയ റിപ്പോർട്ടിന്റെ അടിപ്പാനത്തിലുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നാണ് ഹർജിക്കാരുടെ വാദം. കേസിൽ   അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

മുട്ടിൽ മരം മുറി വിവാദം സംസ്ഥാനത്തെ ഇളക്കി മറിച്ചിട്ടും സിപിഐ മൗനം തുടരുകയാണ്. പരിസ്ഥിതി വിഷയങ്ങളിൽ അതിശക്ത നിലപാട് സ്വീകരിക്കാറുള്ള സിപിഐ ഫലത്തിൽ പ്രതിക്കൂട്ടിലാണ്.

By Divya