Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് നാളെ മുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത് ഓൺലൈൻ വഴി. വിവരം കിട്ടി 24 മണിക്കൂറിനുള്ളിൽ ജില്ലാതലത്തിൽ മരണകാരണം സ്ഥിരീകരിച്ച് മെഡിക്കൽ ബുള്ളറ്റിൻ കുടുംബത്തിന് നൽകണം. ഇതോടെ, കൊവിഡ് മരണം സ്ഥിരീകരിക്കുന്നതിലെ കാലതാമസം ഒഴിവാകും.

അതേസമയം, പ്രതിദിന മരണങ്ങളിൽ അഞ്ച് ശതമാനം സംസ്ഥാന തലത്തിലെ ഡെത്ത് ഓഡിറ്റ് കമ്മിറ്റി പുനപരിശോധിക്കും. പുതിയ സംവിധാനം വരുന്നതിന് മുന്നോടിയായി നേരത്തെ മാറ്റിവെച്ച മരണ വിവരങ്ങളും സർക്കാർ പുറത്തുവിടാൻ തുടങ്ങി.

കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഡബ്ല്യുഎച്ച്ഒയുടേയും ഐസിഎംആറിന്റേയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ച് വരുന്നത്.

ഇതിനായി സജ്ജമാക്കിയ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിലൂടെയാണ് ഇനി മുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതും പരിശോധിക്കുന്നതും സ്ഥിരീകരിക്കുകയും ചെയ്യുന്നത്. റിയല്‍ ടൈം എന്‍ട്രി സംവിധാനമാണിതിലുള്ളത്. മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെയാക്കുന്നതിനാല്‍ കൊവിഡ് മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനുള്ള കാലതാമസം പരമാവധി കുറയ്ക്കാന്‍ സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഏത് ആശുപത്രിയിലാണോ മരണം സംഭവിക്കുന്നത് അവിടത്തെ ചികിത്സിച്ച ഡോക്ടറോ, മെഡിക്കല്‍ സൂപ്രണ്ടോ ആണ് മരണകാരണം വ്യക്തമാക്കിയുള്ള ഓണ്‍ലൈന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ തയ്യാറാക്കേണ്ടത്. അവര്‍ പോര്‍ട്ടലില്‍ മതിയായ വിവരങ്ങളും രേഖകളും സഹിതം അപ് ലോഡ് ചെയ്യണം. ഇത് ജില്ലാതലത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് 24 മണിക്കൂറിനകം സ്ഥിരീകരിക്കണം.

ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് കൊവിഡ് മരണമാണോയെന്ന് പരിശോധിക്കുന്നു. ഇത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്ഥിരീകരിക്കുന്നു. അങ്ങനെ ജില്ലാതലത്തില്‍ തന്നെ കൊവിഡ് മരണമാണോയെന്ന് ഉറപ്പിക്കാനാകുന്നു.

കൊവിഡ് മരണമാണോയെന്ന് ജില്ലയില്‍ സ്ഥിരീകരിച്ച ശേഷം സംസ്ഥാനതലത്തില്‍ റിപ്പോര്‍ട്ടിംഗ് സമിതിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 14 ജില്ലകളിലേയും റിപ്പോര്‍ട്ട് ഈ സമിതി ക്രോഡീകരിച്ചാണ് സംസ്ഥാനതലത്തിലെ മരണം കണക്കാക്കുന്നത്.

By Divya