Fri. Nov 22nd, 2024
ന്യൂഡൽഹി:

സി വി ആനന്ദബോസിനെ തള്ളി കേന്ദ്രമന്ത്രി വി മുരളീധരന്‍. ആനന്ദബോസിന് ബിജെപിയില്‍ ചുമതലകളില്ലെന്നും മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. കേരളത്തിലെ വിഷയങ്ങളില്‍ ആരോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം വ്യക്തമാക്കിയിരുന്നു.

അതേസമയം, കേരളത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് തിരിച്ചടിയില്‍ റിപ്പോര്‍ട്ട് നല്‍കിയെന്ന നിലപാടില്‍ ഉറച്ച് സി വി ആനന്ദ ബോസ്. പാര്‍ട്ടിയല്ല, ഉത്തരവാദിത്വപ്പെട്ട ചിലര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് ആനന്ദ ബോസിന്‍റെ വിശദീകരണം. തിരഞ്ഞെടുപ്പ് തിരിച്ചടി, ഫണ്ട് വിനിയോഗം എന്നിവ സ്വതന്ത്രമായി അന്വേഷിക്കാന്‍ മെട്രോമാന്‍ ഇ ശ്രീധരനെയും സി വി ആനന്ദ ബോസിനെയും ജേക്കബ് തോമസിനെയും ബിജെപി ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു.

എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണെന്നും കേരളത്തിലെ തിരഞ്ഞെടുപ്പ് തിരിച്ചടി അന്വേഷിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ഇന്നലെ വ്യക്തമാക്കി. വിലയിരുത്തലിനും റിപ്പോര്‍ട്ടിനും കൃത്യമായ സംവിധാനം പാര്‍ട്ടിക്കുണ്ടെന്നും അരുണ്‍ സിങ് വിശദീകരിച്ചു.

എന്നാല്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് സി വി ആനന്ദ ബോസ് ആവര്‍ത്തിക്കുന്നു. പാര്‍ട്ടി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് അത് നല്‍കിയിട്ടുണ്ടെന്നുമാണ് ആനന്ദ ബോസിന് പറയാനുള്ളത്. കേരളത്തില്‍ സംഘടന അഴിച്ചുപണിക്കുള്ള സാധ്യത പരിശോധിക്കണമെന്ന് സി വി ആനന്ദ ബോസ് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

By Divya