Thu. Mar 28th, 2024
വയനാട്:

സന്യാസ സഭയില്‍ പുറത്താക്കിയ നടപടി ശരിവെച്ച വത്തിക്കാന്‍ സഭാ കോടതിയുടെ വിധിക്കെതിരെ സി ലൂസി കളപ്പുരയ്ക്കല്‍. തന്റെ ഭാഗം പോലും കേള്‍ക്കാതെ, സഭാധികാരികളുടെ ഭാഗം മാത്രം കേട്ടുകൊണ്ടാണ് ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നും അതിനാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നും സി ലൂസി കളപ്പുരയ്ക്കല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വത്തിക്കാന്റെ ഭാഗത്തുനിന്നുമുണ്ടായ തികച്ചും തെറ്റായ ഈ തീരുമാനത്തിനെതിരെ ഒരു ഇന്ത്യന്‍ പൗരയെന്ന നിലയില്‍ രാജ്യത്തെ കോടതിയെ സമീപിക്കുമെന്നും അതിനുള്ള യാത്രയിലാണ് താനെന്നും ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു. മൂന്ന് ദിവസം മുന്‍പാണ് വത്തിക്കാന്റെ ഈ തീരുമാനവുമായി ബന്ധപ്പെട്ട കത്ത് ലഭിച്ചത്. 2020 മെയ് എന്ന തിയതിയാണ് ഈ കത്തില്‍ എഴുതിയിരിക്കുന്നത്.

അതായത് വിധി വന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് നമുക്ക് കത്ത് കിട്ടുന്നത്. ഞാന്‍ നല്‍കിയ മൂന്നാമത്തെ അപേക്ഷയാണ് വത്തിക്കാന്‍ തള്ളിയിരിക്കുന്നത്. അന്വേഷണം നടത്തിയിട്ടാണ് എന്റെ അപേക്ഷ തള്ളിയിരുന്നതെങ്കില്‍ അംഗീകരിക്കാമായിരുന്നു, അതിപ്പോള്‍ ശരിയാണെങ്കിലും തെറ്റാണെങ്കിലും അംഗീകരിക്കാമായിരുന്നു.

ഈ മൂന്ന് പ്രാവശ്യം ഞാന്‍ അപേക്ഷ നല്‍കിയിട്ടും വത്തിക്കാന്‍ ഒരു പ്രതിനിധിയെ വെച്ചു പോലും എന്റെ ഭാഗം കേട്ടിട്ടില്ല.’ഒരു ഇന്ത്യന്‍ പൗരയെന്ന നിലയില്‍ ഈ വിധിക്കെതിരെ ഇന്ത്യന്‍ കോടതിയെ സമീപിക്കുക എന്ന മാര്‍ഗമേ ഇനി എനിക്ക് മുന്നിലുള്ളു. അതിനുള്ള യാത്രകളിലാണ് ഇപ്പോള്‍,’ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.

By Divya